സർക്കാർ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് കടകംപള്ളി
|നടപടി ഉണ്ടാകാതെ സമരം പിൻവലിക്കില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം
ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ സമവായ ശ്രമം പാളി. പോലീസ് അതിക്രമത്തില്‍ നടപടി ഉണ്ടാകാതെ ചര്‍ച്ചക്കില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു. അതേസമയം, ഐജി റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി എടുക്കണമെന്ന് ആശുപത്രിയിലെത്തി കുടുംബത്തെ സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജിഷ്ണുവിന്റെ കുടുംബത്തെ സന്ദർശിച്ചത്. സർക്കാർ കുടുംബത്തിനൊപ്പമെന്ന് കടകംപള്ളി മഹിജയെ അറിയിച്ചു. ആവശ്യങ്ങളിൽ ഉചിതമായ നടപടി എടുക്കും. അതേ സമയം സർക്കാർ ഉറപ്പ് നൽകിയെങ്കിലും സമരം പിൻവലിക്കാൻ ജിഷ്ണുവിന്റെ കുടുംബം തയാറായില്ല. നടപടി ഉണ്ടാകാതെ സമരം പിൻവലിക്കില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് വ്യക്തമാക്കി. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങളിൽ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും.
ജിഷ്ണുവിന്റെ വിട്ടുവീഴ്ചക്ക് തയ്യാറാകാതായതോടെ സർക്കാർ കൂടുതൽ സമ്മർദ്ദത്തിലായി. നടപടി വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് മേൽ സർക്കാർ എടുക്കുന്ന നിലപാടാണ് ഇനി നിർണായകം.