ശാര്‍ക്കര ക്ഷേത്ര വളപ്പില്‍ വാഹനങ്ങള്‍ക്കകത്ത് കണ്ടെത്തിയ വെടിക്കോപ്പുകള്‍ നിര്‍വീര്യമാക്കും
|വെടിക്കെട്ടപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന് 500 മീറ്റര്‍മാത്രം അകലെയുള്ള ശാര്‍ക്കര ദേവി ക്ഷേത്രവളപ്പിലാണ് വെടിക്കോപ്പുകള്‍ നിറച്ച മൂന്ന് വാഹനങ്ങള്‍ കണ്ടെത്തിയത്...
വെടിക്കെട്ടപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപത്തുള്ള ശാര്‍ക്കര ക്ഷേത്ര വളപ്പില്‍ വാഹനങ്ങള്‍ക്കകത്ത് കണ്ടെത്തിയ വെടിക്കോപ്പുകള്‍ നിര്‍വീര്യമാക്കും. വാഹനങ്ങള്‍ പൊളിച്ച് സ്‌ഫോടക വസ്തുക്കള്‍ പുറത്തെത്തിച്ചു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ അധികൃതര്‍ സ്ഥലത്തെത്തിയത്. വെടിക്കെട്ടപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന് 500 മീറ്റര്‍മാത്രം അകലെയുള്ള ശാര്‍ക്കര ദേവി ക്ഷേത്രവളപ്പിലാണ് വെടിക്കോപ്പുകള്‍ നിറച്ച മൂന്ന് വാഹനങ്ങള്‍ കണ്ടെത്തിയത്.
കേരള പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ പൊളിച്ച് വെടിക്കോപ്പുകള്‍ പുറത്തെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നെങ്കിലും ദുരന്തത്തിന് ശേഷമാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വാഹനങ്ങള്‍ക്കുള്ളില്‍ വെടിക്കോപ്പുകളാണെന്ന് നാട്ടുകാര്‍ കണ്ടെത്തിയത്. നേരം വൈകിയതിനാല്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു.
മത്സരകമ്പം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഭാരവാഹികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വാഹനങ്ങല്‍ ക്ഷേത്ര വളപ്പില്‍ കയറ്റാന്‍ അനുമതി നല്‍കിയതെന്നും വാഹനത്തില്‍ വെടികൊപ്പുകള്‍ ആയിരുന്നെന്ന് അറിയില്ലയെന്നും ശാര്‍ക്കര ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.