നഴ്സുമാരുടെ സമരം മാറ്റി
|സര്‍ക്കാരിനെയും കോടതിയെയും വിശ്വാസത്തിലെടുക്കുന്നതായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി. പണിമുടക്ക് മാറ്റിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും 19ന് നടക്കുന്ന ഹൈക്കോടതി മീഡിയേഷന്‍ ചര്‍ച്ചയും പരിഗണിച്ചാണ് തീരുമാനം. എന്നാല്‍ തിങ്കളഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അറിയിച്ചുകോടതി നിലപാട് അവഗണിച്ചും സമരത്തിലേക്ക് പോകാനുള്ള തീരുമാനത്തില്‍ നിന്ന് തത്ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍.
പണിമുടക്ക് മാറ്റിവെക്കണമെന്നും മാറ്റിയാല്‍ ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ ബുധനാഴ്ച ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്റെ ചര്‍ച്ചയും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുഎന്‍എയുടെ തീരുമാനം. സര്‍ക്കാരിലും ഹൈക്കോടതിയിലും ഒരിക്കല്‍ കൂടി വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു
സമരം താത്ക്കാലികമായി മാറ്റി വെച്ചെങ്കിലും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ല. മിനിമം വേതനം ഇരുപതിനായിരമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സമരം ആരംഭിക്കും. ഹൈക്കോടതിയിലും സര്‍ക്കാരിനോടും ഇക്കാര്യം അറിയിക്കും. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനവര്‍ധനവ് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും യുഎന്‍എ അറിയിച്ചു. എന്നാല്‍ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ തീരുമാനം. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയാണെങ്കില്‍ സമരം മാറ്റുന്ന കാര്യം പരിഗണിക്കാമെന്നാണ് ഐഎന്‍എയുടെ നിലപാട്.