നഴ്സുമാരോട് ആശുപത്രികളുടെ പ്രതികാര നടപടി; തടയാന്‍ കഴിയാതെ തൊഴില്‍ വകുപ്പ്
|ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നഴ്സുമാരെ പിരിച്ചു വിട്ടതിനെതിരെയുള്ള സമരം ഇന്ന് പത്താം ദിവസമാണ്
ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്സുമാരോട് സ്വകാര്യ ആശുപത്രികള്‍ പ്രതികാര നടപടി സ്വീകരിക്കുന്നത് തടയാന്‍ കഴിയാതെ സര്‍ക്കാരും തൊഴില്‍ വകുപ്പും. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നഴ്സുമാരെ പിരിച്ചു വിട്ടതിനെതിരെയുള്ള സമരം ഇന്ന് പത്താം ദിവസമാണ്. ഇതുവരെയും തൊഴില്‍ വകുപ്പ് നടത്തിയ ചര്‍ച്ചകളില്‍ പൂര്‍ണമായി സഹകരിക്കാനോ പ്രശ്നം തീര്‍ക്കാനോ ആശുപത്രി മാനേജ്മെന്റ് തയ്യാറായിട്ടില്ല. മാനേജ്മെന്റിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാനോ നഴ്സുമാരെ തിരിച്ചെടുപ്പിക്കാനോ സര്‍ക്കാരിനും കഴിയുന്നില്ല.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ഐതിഹാസിക സമരം ഒത്തുതീര്‍പ്പാക്കുമ്പോള്‍ മുഖ്യമന്ത്രി മുന്നോട്ടു വെച്ച പ്രധാനപ്പെട്ട ഒരു നിര്‍ദേശം സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഒരു പ്രതികാര നടപടിയും പാടില്ലെന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് പല ആശുപത്രികളും സ്വീകരിക്കുന്നത്. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരത്തില്‍ പങ്കെടുത്ത നഴ്സുമാരായ സമസ്യ, അനുമോള്‍ എന്നിവരെ ഒരു കാരണവും കാണിക്കാതെ കരാര്‍ കാലാവധി കഴിഞ്ഞെന്ന് കാണിച്ച് പൊടുന്നനെ പിരിച്ചു വിടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ആശുപത്രിയ്ക്കുമുന്‍പില്‍ നഴ്സിംഗ് ജീവനക്കാര്‍ ആരംഭിച്ച സമരം പത്താം ദിവസവും തുടരുകയാണ്.
സമരം തുടങ്ങിയ ശേഷം രണ്ട് തവണ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള ആരും മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തില്ല. രണ്ട് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മേഖലാ ലേബര്‍ കമ്മീഷണറുടെ കൊല്ലത്തുള്ള ഓഫീസിലാണ് അടുത്ത ഘട്ടം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ പരസ്യമായ ലംഘനമാണ് ആശുപത്രി മാനേജ്മെന്റ് നടത്തിയിരിക്കുന്നതെങ്കിലും ആശുപത്രിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.