ടോം ഉഴുന്നാലിന്റെ മോചനം: സലേഷ്യൻ സഭ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് സഭാ നേതൃത്വം
|മോചനത്തിനായി ഇടപെടൽ നടത്തിയ ഒമാൻ സുൽത്താന് നന്ദി അറിയിക്കുന്നതായും സഭാ റെക്ടർ പ്രതികരിച്ചു.
ഫാദർ ടോം ഉഴുന്നാലിനെ വിട്ടുകിട്ടുന്നതിനായി സലേഷ്യൻ സഭ മോചന ദ്രവ്യം നൽകിയിട്ടില്ലെന്ന് സഭാ നേതൃത്വം. സലേഷ്യൻ സഭ റെക്ടർ ഫാദർ എയ്ഞ്ചൽ ഫെർണാണ്ടസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോചനത്തിനായി ഇടപെടൽ നടത്തിയ ഒമാൻ സുൽത്താന് നന്ദി അറിയിക്കുന്നതായും സഭാ റെക്ടർ പ്രതികരിച്ചു.
ഫാദർ ടോം ഉഴുന്നാലിന്റെ മോചനം സംബന്ധിച്ച് പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് സലേഷ്യൻ സഭാ നേതൃത്വം ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന് നന്ദി അറിയിച്ചത്. സഭ മോചനദ്രവ്യം കൈമാറിയിട്ടില്ലെന്ന് സലേഷ്യൻ വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച സഭാ റെക്ടർ മേജർ എയ്ഞ്ചൽ ഫെർണാണ്ടസിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. വത്തിക്കാന്റെ നയതന്ത്ര ഇടപെടലിനെപ്പറ്റി പറയുന്ന കുറിപ്പിൽ ഇന്ത്യൻ ഇടപെൽ സംബന്ധിച്ച് പരാമർശമില്ല.
ടോം ഉഴുന്നാലിന്റെ മോചനം അതീവ സന്തോഷം പകരുന്നതായും സഭാ നേതൃത്വം അറിയിച്ചു. വത്തിക്കാനിൽ തുടരുന്ന ഫാദർ ടോം ഉഴുന്നാലിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാകും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുക. അതുവരെ വത്തിക്കാനിൽ ചികിത്സയിൽ തുടരും.
തട്ടിക്കൊണ്ട് പോയവർ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദർ ടോം ഉഴുന്നാലിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രമേഹത്തിനുള്ള മരുന്നടക്കം നൽകിയിരുന്നു. മൂന്ന് തവണ താവളം മാറ്റി പാർപ്പിച്ചു. കൊല്ലപ്പെടുമെന്ന ഭയം തനിക്കില്ലായിരുന്നുവെന്നും സലേഷ്യൻ വാർത്ത ഏജൻസിക്ക് നൽകിയ വിശദീകരണത്തിൽ ടോം ഉഴുന്നാലിൽ വ്യക്തമാക്കിയിരുന്നു. സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ സന്യസ്ത സഭയുടെ ബംഗലുരു പ്രൊവിൻസ് അംഗമാണ് പാല രാമപുരം സ്വദേശിയായ ഫാദർ ടോം.