ഗെയില്‍ സമരത്തില്‍ നിന്ന് സിപിഎം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കും
|സമരത്തില്‍ പങ്കെടുക്കുന്ന സിപിഎം പ്രവര്‍ത്തകരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കും. ഗെയില്‍ പദ്ധതിയില്‍ വിശദീകരണവുമായി പൊതുജനങ്ങളിലേക്കിറങ്ങും
ഗെയില്‍ സമരത്തെ പ്രതിരോധിക്കാന്‍ സിപിഎം വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. സമരത്തില്‍ പങ്കെടുക്കുന്ന സിപിഎം പ്രവര്‍ത്തകരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കും. ഗെയില്‍ പദ്ധതിയില്‍ വിശദീകരണവുമായി പൊതുജനങ്ങളിലേക്കിറങ്ങും. ഇന്ന് വൈകുന്നേരം 5 മണിക്ക് മുക്കം ടൌണില്‍ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
മുക്കം, കാരശ്ശേരി മേഖലയില്‍ ഗെയില്‍ വാതക പൈപ്പ് ലൈയിന്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇടത് പാര്‍ട്ടികളും ബിജെപിയും ഒഴികെ എല്ലാ സംഘടനകളും സമര രംഗത്ത് സജീവമാണ്. സമരത്തെ എതിര്‍ക്കുന്നത് ജനസ്വീകാര്യത കുറക്കുമെന്ന തിരിച്ചറിവാണ് വിശദീകരണവുമായി ജനങ്ങളിലേക്കിറങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കം ടൌണില്‍ വിശദീകരണ യോഗം നടത്തും. എളമരം കരീം, പാചക വാതക മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. ഗെയില്‍ വാതക പൈപ്പ് ലൈന്‍ സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കുകയാണ് പ്രധാന ലക്ഷ്യം.
ചെറുസംഘങ്ങളായി വീടുകള്‍ കയറിയിറങ്ങി ജനങ്ങളെ ബോധവല്‍ക്കരിക്കും. ലോക്കല്‍ കമ്മറ്റികള്‍ ഗെയില്‍ സന്ദേശ യാത്രകളും നടത്തും. സമരം രംഗത്ത് സജീവമായ പാര്‍ട്ടി പ്രവര്‍ത്തകരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി ബ്രാഞ്ചുകള്‍ മുന്‍കൈയെടുക്കണമെന്നാണ് നിര്‍ദേശം. സമരത്തില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരുടെ കേസുകള്‍ ഭാവിയില്‍ എഴുതിതള്ളുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബോധവല്‍ക്കരണത്തിന് മുന്‍കൈയെടുക്കും.