എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം ഒത്തുതീർപ്പിലേക്ക്
|സിറോ മലബാര്‍ സഭയുടെ സിനഡ് നിയോഗിച്ച അഞ്ച് മെത്രാന്മാരടങ്ങുന്ന കമ്മിറ്റി അതിരൂപത വൈദിക സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങളുയർന്നത്.
എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായി സൂചന. സിറോ മലബാർ സഭാ സിനഡ് നിയോഗിച്ച അഞ്ചംഗ മെത്രാൻ സമിതി അതിരൂപതയിലെ വൈദിക സമിതി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കർദ്ദിനാളിന്റെ അധ്യക്ഷതയിൽ അതിരൂപതാ വൈദിക സമിതി യോഗവും ചേർന്നു.
എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാര സാധ്യത തെളിഞ്ഞു. സിറോ മലബാര്‍ സഭയുടെ സിനഡ് നിയോഗിച്ച അഞ്ച് മെത്രാന്മാരടങ്ങുന്ന കമ്മിറ്റി അതിരൂപത വൈദിക സമിതി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങളുയർന്നത്.
പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ വൈദിക സമിതി നിര്‍ദേശിച്ച അന്വേഷണ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വൈദിക സമിതി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മെത്രാന്മാര്‍ ചോദിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനഡിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും വൈദിക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
വൈദിക സമിതി നിര്‍ദേശിച്ച കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശാന്‍ സഹായിച്ചെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് യോഗത്തിൽ പറഞ്ഞു. സിനഡില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ദിനാള്‍ വൈദികരെ അറിയിച്ചു. സിനഡില്‍ കമ്മിറ്റിയിലെ മെത്രാന്മാര്‍ വൈദിക സമിതി നിര്‍ദേശിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളുമായും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വൈദിക സമിതിയുടെ നിർദേശങ്ങൾ പരിഗണിക്കപ്പെട്ടാൽ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.