എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തള്ളുമെന്ന് അമിത് ഷാ
|എകെ ആന്റണി പറയുന്നത് ബിജെപി നേതാക്കള്‍ കേരളത്തിലെത്തുന്നത് രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണെന്നാണ്. എന്നാല്‍ ....
ബംഗാളില്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം പോരടിക്കുന്നതായി നാടകം കളിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഇക്കാലയളവിലൊന്നും ഒരു അഴിമതി ആരോപണം പോലുമുന്നയിക്കാന്‍ പ്രതിപക്ഷത്തിനായിട്ടില്ല. യുഡിഎഫിനെ അഴിമതി ഗ്രസിച്ചിരിക്കുകയാണ്. ഇടത് പക്ഷം അധികാരത്തിലെത്തിയാല്‍ ആരെ മുഖ്യമന്ത്രിയാക്കുമെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു..
സംസ്ഥാനത്തെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ അമിത് ഷായുടെ ആദ്യ പരിപാടി പത്തനംതിട്ടയിലെ റാന്നിയിലായിരുന്നു. കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച അമിത് ഷാ രൂക്ഷമായ വിമര്‍ശമാണ് ഇടത് പക്ഷത്തിനും കോണ്‍ഗ്രസിനുമെതിരായി ഉയര്‍ത്തിയത്. ഇക്കാലമത്രയും കേരളം ഭരിച്ച ഇരുമുന്നണികളും കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുകയും സംസ്കാരത്തെ നശിപ്പിക്കുകയും ചെയ്തതായി അമിത് ഷാ ആരോപിച്ചു. കേരളത്തിന്റെ വളര്‍ച്ചക്ക് വഴിതെളിച്ച നവോത്ഥാന നായകരെ സിപിഎം അപഹസിക്കുകയാണെ് ചെയ്തത്. ബിജെപി നേട്ടമുണ്ടാക്കിയാല്‍ കേരളത്തിലെ സമുദായ സൌഹാര്‍ദം തകരുമെന്ന് പറയുന്നവരുടെ വാദം പൊള്ളയാണ്. എ കെ ആന്റണി പറഞ്ഞത് ബിജെപിക്ക് രഹസ്യ അജണ്ടയുണ്ടെന്നാണ് എന്നാല്‍ കേരളം പിടിക്കുകയെന്ന തുറന്ന അജണ്ടയാണ് ബിജെപിക്കുള്ളതെന്നും അമിത ഷാ പറഞ്ഞു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രചരണം അവസാന ലാപിലേക്കെത്തിയതോടെ കൂടുതല്‍ ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കേരളത്തിലേക്ക് എത്തും.