ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കണമെന്ന് ഹൈക്കോടതി
|കോടതിയില്‍ നിന്നും അപ്രത്യക്ഷമായ ശേഷം സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കണ്ടതെന്നും വിധിപകര്‍പ്പില്‍ രേഖപെടുത്തിയിട്ടുണ്ട്.
ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കണമെന്ന് ഹൈക്കോടതി. പാറ്റൂര്‍ ഭൂമിയിടപാട് കേസിലാണ് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ജേക്കബ് തോമസിന് ഡിജിപിയായിരിക്കാന്‍ യോഗ്യതയുണ്ടോയെന്നും കോടതി ചോദിച്ചു
പാറ്റൂര്‍ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയ ശേഷം ജേക്കബ് തോമസ് തന്റെ ഫെയ്‌സ്ബുക്കില്‍ സത്യത്തിന്റെ കണക്ക് എന്ന പോസ്റ്റിട്ടിരുന്നു. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പുപോലെയാണെന്നുമായിരുന്നു ജേക്കബ് തോമസിന്റെ വിശദീകരണം. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ നിന്നും അപ്രത്യക്ഷമായ ശേഷം സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കണ്ടതെന്നും വിധിപകര്‍പ്പില്‍ രേഖപെടുത്തിയിട്ടുണ്ട്.
ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കണം. ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത വിധമാണ് ജേക്കബ് തോമസ് പെരുമാറിയത്. നിയമപരമായ അജ്ഞതമൂലമാണ് മുന്‍ മുഖ്യമന്ത്രിക്കുള്‍പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ജേക്കബ് തോമസിന്റെ തെറ്റായ റിപോര്‍ട്ടിലാണ് ഈ കേസ് തന്നെ ഉണ്ടായത്. കേസില്‍ ഉള്‍പെട്ട ഭൂമി ജേക്കബ് തോമസ് നേരിട്ട് പരിശോധിക്കുക പോലും ചെയ്തിട്ടില്ല. പ്രതിപക്ഷം ഈ കേസില്‍ അന്വേഷണം വേണമെന്ന് വിജിലന്‍സില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ലോകായുക്തയുടെ പരിഗണനയിലായതിനാല്‍ വിജിലന്‍സ് കേസെടുത്തില്ല. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ സ്വമേധയാ കേസെടുക്കുകയാണുണ്ടായതെന്നും കോടതി വ്യക്തമാക്കി.