'എവിടെയാണ് സ്ത്രീ സുരക്ഷിത?'-സൌമ്യയുടെ അമ്മ ചോദിക്കുന്നു
|പെരുമ്പാവൂരിലെ ജിഷ എല്ലാവരുടെയും മകളാണ്. കേസ് അന്വേഷണത്തില്‍ വലിയ പാളിച്ചകള്‍ ഉണ്ടായെന്നും സുമതി പറയുന്നു.
ജിഷയുടെ കൊലപാതകത്തിന് മുമ്പ് കേരളീയ മനഃസാക്ഷിയുടെ വലിയ നൊമ്പരമായിരുന്നു ആറുവര്‍ഷം മുമ്പ് ട്രെയിന്‍ യാത്രക്കിടെ കൊല്ലപ്പെട്ട സൌമ്യ. ഒരു പെണ്‍കുട്ടിക്കും ഇത്തരത്തിലൊരു അവസ്ഥ ഇനി ഉണ്ടാവരുതെന്നായിരുന്നു സൌമ്യയുടെ അമ്മയും പൊതുസമൂഹവും അന്ന് ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഭരണകൂടവും സമൂഹവും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ഒര്‍മ്മിപ്പിക്കുക്കുകയാണ് സൌമ്യയുടെ അമ്മ സുമതി.
സ്ത്രീ സുരക്ഷയെക്കുറിച്ച് രാജ്യത്തെതന്നെ ആശങ്കപ്പെടുത്തിയ സംഭവങ്ങളിലൊന്നായിരുന്നു സൌമ്യ വധം. 2011 ഫെബ്രുവരി 1 ന് എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെയാണ് വള്ളത്തോള്‍ നഗറിനു സമീപം സൗമ്യ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായെങ്കിലും പിന്നീടും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. എവിടെയാണ് സ്ത്രീ സുരക്ഷിത എന്നാണ് സൌമ്യയുടെ അമ്മയുടെ ചോദ്യം.
പെരുമ്പാവൂരിലെ ജിഷ എല്ലാവരുടെയും മകളാണ്. കേസ് അന്വേഷണത്തില്‍ വലിയ പാളിച്ചകള്‍ ഉണ്ടായെന്നും സുമതി പറയുന്നു. നിയമത്തിന്റെ പഴുതുകളിലൂടെ ഒരു പ്രതിയും രക്ഷപ്പെടാന്‍ പാടില്ലെന്നും സൌമ്യയുടെ അമ്മ ആവശ്യപ്പെടുന്നു. സൌമ്യയുടെ കൊലപാതകം നടന്ന് മൂന്നാം ദിവസം കേസിലെ പ്രതി ഗോവിന്ദചാമിയെ പിടികൂടുന്നതില്‍ അന്വേഷണസംഘം കാട്ടിയ കാര്യക്ഷമതയെയും ഷൊര്‍ണൂര്‍ കവളപ്പാറയിലെ വീട്ടിലിരുന്ന് ഇവര്‍ സ്മരിക്കുന്നു.