മഴക്കാലമെത്തി; വെള്ളക്കെട്ടിന്റെ ദുരിതത്തില്‍ കമ്മട്ടിപ്പാടത്തെ ജനങ്ങള്‍
|മൂന്ന് വശവും റെയില്‍ പാളങ്ങളാല്‍ ചുറ്റപ്പെട്ട കമ്മട്ടിപ്പാടത്തെ ജനങ്ങള്‍, മഴക്കാലം എത്തിയതോടെ വീണ്ടും ദുരിതത്തിന്റെ കഥ പറയുകയാണ്.
മൂന്ന് വശവും റെയില്‍ പാളങ്ങളാല്‍ ചുറ്റപ്പെട്ട കമ്മട്ടിപ്പാടത്തെ ജനങ്ങള്‍, മഴക്കാലം എത്തിയതോടെ വീണ്ടും ദുരിതത്തിന്റെ കഥ പറയുകയാണ്.
മുട്ടറ്റം വെള്ളത്തില്‍ പകര്‍ച്ചവ്യാധികളോട് പടപൊരുതിയാണ് അമ്പതോളം കുടുംബങ്ങള്‍ ഇവിടെ ജീവിതം തള്ളി നീക്കുന്നത്. അഴുക്ക് നിറഞ്ഞ
വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ഇവരുടെ ആവശ്യം ബന്ധപ്പെട്ടവര്‍ കാണാതെ പോകുകയാണ്.
ഒരു ചെറിയ മഴ പെയ്താല്‍ കമ്മട്ടിപ്പാടം വെള്ളത്തിനടിയിലാകും. പിന്നെ നഗരത്തിലെ പ്രധാന അഴുക്കുചാലുകളില്‍ നിന്നും മലിന ജലം വീടുകള്‍ക്കുള്ളിലേക്ക് ഒഴുകിയെത്തും. മുറികള്‍ക്കുള്ളിലും ശൌചാലയങ്ങളിലും മലിനജലം നിറയും. കുടിവെള്ളം പോലും മലിനപ്പെടും. ഇതോടെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതും പതിവായിരിക്കുയാണ്. വെള്ളം കയറിയതോടെ സ്കൂളില്‍ പോകാന്‍ പോലും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല.
മൂന്ന് വശവും റെയില്‍വേ പാളങ്ങളാല്‍ ചുറ്റപ്പെട്ടതിനാല്‍ റെയില്‍മാലിന്യങ്ങളുടെ കൂമ്പാരമായി ഇവിടം മാറുകയാണ്. കൃത്യമായ രീതിയില്‍ അഴുക്കുചാല്‍ നിര്‍മ്മിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെങ്കിലും ബന്ധപ്പെട്ടവര്‍ ഇതിന് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
കമ്മട്ടിപ്പാടം എന്ന സിനിമ ബോക്സ് ഓഫീസില്‍ വിജയമാണെങ്കിലും യഥാര്‍ത്ഥ കമ്മട്ടിപ്പാടത്തെ ജനങ്ങളുടെ ജീവിതം വിജയിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുക തന്നെ വേണം.