മാളയിലെ യഹൂദ സിനഗോഗിന്റെ സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയ്യേറി
|യഹൂദ സ്മാരകങ്ങള്‍ എത്രയും പെട്ടെന്ന് പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന് മാള പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു
ഇന്ത്യയിലെ ഏറ്റവും വലിയ യഹൂദ സ്മാരകങ്ങളിലൊന്നായ മാളയിലെ സിനഗോഗിന്റെ സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയ്യേറി. താലൂക്കസര്‍വ്വേയറുടെ നേതൃത്വത്തില്‍ നടന്ന അളവെടുപ്പിലാണ് കൈയ്യേറ്റം കണ്ടെത്തിയത്. സംരക്ഷിത പ്രദേശമായ യഹൂദ ശ്മശാനത്തിന്റെ ചുറ്റുമതില്‍ പൊളിക്കുവാനും ശ്രമമുണ്ടായി. യഹൂദ സ്മാരകങ്ങള്‍ എത്രയും പെട്ടെന്ന് പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന് മാള പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
യഹൂദ സിനഗോഗിന്റെ നാല് വശങ്ങളിലും കൈയ്യേറ്റം നടന്നതായി താലൂക്ക് സര്‍വെയറുടെ അളവെടുപ്പില്‍ വ്യക്തമായി. 23 സെന്റില്‍ റോഡ് വികസനം കഴിഞ്ഞ്് അവശേഷിക്കുന്ന 21 സെന്റിലാണ് ഇപ്പോഴത്തെ കൈയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്. കൈയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള നടപടികളും തുടങ്ങി.
1954 ലാണ് മാളയിലെ യഹൂദര്‍ ഇസ്രായേലിലേക്ക് മടങ്ങുന്നത്. സിനഗോഗും ശ്മശാനവും സംരക്ഷിക്കുന്നതിന് മാള പഞ്ചായത്തിനെ ഏല്‍പ്പിച്ചു. എന്നാല്‍ ഇവ സംരക്ഷിക്കുന്നതിനുള്ള കാര്യക്ഷമമായ ഒരു നടപടിയുമുണ്ടായില്ല. പൈതൃക സംരക്ഷണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അളവെടുപ്പും നടപടിയും.
സിനഗോഗിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് യഹൂദ ശ്മശാനത്തിന്റെ ചുറ്റുമതില്‍ അജ്ഞാതര്‍ തകര്‍ത്തത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അവശേഷിക്കുന്ന യഹൂദ സ്മാരകങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംരക്ഷണസമിതി ആവശ്യപ്പെടുന്നു.
മുസരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ മാള പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടങ്കിലും ജൂത സ്മാരക സംരക്ഷണത്തിനുള്ള നിര്‍ദ്ദേശമില്ലെന്നും ആക്ഷേപമുണ്ട്.