Kerala
സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിസ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
Kerala

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

Khasida
|
10 May 2018 5:51 PM GMT

സര്‍ക്കാരുമായി ധാരണ ഉണ്ടാക്കിയ ശേഷമാണ് മാനേജ്മെന്‍റുകള്‍ കൌണ്‍സിലിങ് നടത്തിയത്

കേരളത്തില്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ നടത്തിയ മെഡിക്കല്‍ പ്രവേശന കൌണ്‍സിലിംഗ് റദ്ദാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം, മാനേജ്മെന്‍റുകള്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയാക്കി എന്നകാര്യം പരിഗണിച്ച് ഈ വര്‍ഷത്തെ കൌണ്‍സിലിംഗില്‍ കോടതി ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

ഏകീകൃത കൌണ്‍സിലിംഗ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ അന്തിമ തീരുമാനം എടുക്കാതെയാണ്, ഈ വര്‍ഷത്തെ കൌണ്‍സിലിംഗില്‍ ഇടപെടുന്നില്ലെന്ന ഇടക്കാല ഉത്തരവ് സുപ്രിം കോടതി ഇന്ന് പുറപ്പെടുവിച്ചത്. ഇതിന് രണ്ട് കാരണമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഒന്ന്, സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ധാരണയുണ്ടാക്കിയാണ് മാനേജ്മെന്‍റുകള്‍ പ്രവേശന കൌണ്‍സിലിംഗ് നടത്തിയത്. രണ്ട്, ഈ മാസം 26നകം എല്ലാ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചു. അതിനാല്‍ ഈ ഘട്ടത്തില്‍ കൌണ്‍സിലിംഗ് റദ്ദാക്കുന്നത് പ്രായോഗികമല്ല. അതേസമയം ഓരോ സ്ഥാപനത്തിനും സ്വന്തമായി കൌണ്‍സിലിംഗ് നടത്താന്‍ അനുമതി നല്‍കുന്ന ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിം കോടതി റദ്ദാക്കി. ഇത്തരത്തില്‍ അനുമതി നല്‍കുന്നത് നീറ്റിന്‍റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുമെന്ന് കോടതി വ്യക്തമാക്കി. സുപ്രിം കോടതി ഉത്തരവിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

അമൃത സര്‍വ്വകലാശാലയുടെ കൌണ്‍സിലിംഗ് റദ്ദാക്കണമെന്ന കേരള സര്‍ക്കാരിന്‍റെ ആവശ്യത്തിലും കല്‍പ്പിത സര്‍വ്വകലാശാലകളുടെ കൌണ്‍സിലിംഗിനെതിരെ മാഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജയിലും സമാന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

Similar Posts