കയ്‍പമംഗലം വിട്ടുകൊടുക്കണമെങ്കില്‍ പകരം സീറ്റ് വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍
|പകരം സീറ്റ് നല്‍കിയാല്‍ മാത്രമേ കയ്പമംഗലം സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കയുള്ളൂവെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍.
പകരം സീറ്റ് നല്‍കിയാല്‍ മാത്രമേ കയ്പമംഗലം സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കയുള്ളൂവെന്ന് ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍. കയ്പമംഗലത്ത് ആര്‍എസ്പിക്ക് പരിമിതമായ സംഘടനാ ശേഷി മാത്രമേ ഉള്ളൂ. കയ്പമംഗലം സീറ്റ് ചോദിച്ചിരുന്നില്ലെന്നും അവിടെ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. എറണാകുളം പ്രസ്‍ ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്പമംഗലം സീറ്റ് ആര്‍എസ് പി ചോദിച്ചിരുന്നില്ല. വളരെ പരിമിതമായ സംഘടനാശേഷി മാത്രമാണ് പാര്‍ട്ടിക്ക് കയ്പമംഗലത്തുള്ളത്. അവിടെ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു. ആ സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് പൊതു സമ്മതനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ നൂറുദ്ദീനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നൂറുദ്ദീന്‍റെ പിന്മാറ്റത്തെ തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് പകരം സീററ് നല്‍കിയാല്‍ കയ്പമംഗലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ആര്‍എസ്പിയും ഉള്‍പ്പെടുന്ന രാഷ്ട്രീയ സഖ്യമാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്. ഇതിലൂടെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അനിവാര്യമാണെന്ന് സിപിഎം പരോക്ഷമായി സമ്മതിക്കുകയാണെന്നും മുഖാമുഖം പരിപാടിയില്‍ പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.