തൃശൂരില്‍ ഇന്ന് പുലികളിറങ്ങും
|കോട്ടപ്പുറം ദേശം 12 പെൺപുലികളെ രംഗത്തിറങ്ങുന്നുണ്ട്. 30 പെൺവാദ്യക്കാരും ഇതിന് അകമ്പടിയാകും
തൃശൂരിലെ പ്രസിദ്ധമായ പുലികളി ഇന്ന്. വൈകീട്ട് നാലിനാണ് പുലികൾ മട വിട്ടിറങ്ങുക. പുലികളെ ചായം തേക്കുന്നതടക്കമുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
ആറ് ടീമുകൾ, ഓരോ ടീമിലും അമ്പതോളം പുലികൾ. അതിനുസരിച്ചുള്ള വാദ്യക്കാരും. തൃശൂരിന് ഇന്ന് പുലിത്താളമാണ്. നായ്ക്കനാൽ, കോട്ടപ്പുറം, വടക്കേ അങ്ങാടി, വിയ്യൂർ, കാനാട്ടുകര, അയ്യന്തോൾ എന്നീ സംഘങ്ങളാണ് പുലികളുമായി ഇറങ്ങുന്നത്.
പുലർച്ചെ തന്നെ ചായം തേച്ച് പിടിപ്പിക്കുന്നതടക്കമുള്ള ഒരുക്കങ്ങൾ തുടങ്ങി. മണിക്കൂറുകൾ എടുക്കും ഇത് പൂർത്തിയാക്കാൻ. നാല് മണിയോടെ സംഘങ്ങൾ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കും. വയറന്‍ പുലികള്‍ക്കാണ് ആരാധകര്‍ ഏറെയും.
കോട്ടപ്പുറം ദേശം 12 പെൺപുലികളെ രംഗത്തിറങ്ങുന്നുണ്ട്. 30 പെൺവാദ്യക്കാരും ഇതിന് അകമ്പടിയാകും. വയറ് കുലുക്കി താളം ചവിട്ടി എത്തുന്ന പുലികൾക്കായുള്ള കാത്തിരിപ്പിന്റെ മണിക്കൂറുകളാണിനി.