കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം; അന്വേഷണം കുറ്റമറ്റതാക്കാന്‍ ഡിജിപിയുടെ സര്‍ക്കുലര്‍
|പഴുതുകളടച്ച ശാസ്ത്രീയമായ അന്വേഷണം ഉണ്ടാകണം, ഇരകളോട് അനുഭാവ പൂര്‍ണമായ സമീപനമായിരിക്കണം, മോശപ്പെട്ട ഭാഷയില്‍ മൊഴി രേഖപ്പെടുത്തരുത്, അതിക്രമത്തിന്റെ ഭയാനകമായ ഓര്‍മകളുണര്‍ത്തുന്ന ചോദ്യങ്ങള്‍..
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി ഡിജിപി സര്‍ക്കുലര്‍ ഇറക്കി. ബന്ധുക്കള്‍ പ്രതികളാകുന്ന കേസുകളില്‍ കുട്ടിയെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പൊതുസമൂഹം ജാഗ്രതയോടെ ഇടപെടണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
പോക്സോ നിയമപ്രകാരം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളുടെ അന്വേഷണങ്ങളില്‍ പിഴവുകള്‍ ഒഴിവാക്കാനും പ്രതികള്‍ രക്ഷപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. പഴുതുകളടച്ച ശാസ്ത്രീയമായ അന്വേഷണം ഉണ്ടാകണം, ഇരകളോട് അനുഭാവ പൂര്‍ണമായ സമീപനമായിരിക്കണം, മോശപ്പെട്ട ഭാഷയില്‍ മൊഴി രേഖപ്പെടുത്തരുത്, അതിക്രമത്തിന്റെ ഭയാനകമായ ഓര്‍മകളുണര്‍ത്തുന്ന ചോദ്യങ്ങള്‍ കുട്ടിയോട് ചോദിക്കരുത്, ബന്ധുക്കളായ പ്രതികള്‍ കുട്ടിയെ സ്വാധീനിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കണം. കുട്ടികളുടെ വൈദ്യപരിശോധന, പുനരധിവാസം എന്നിവ നിയമപരമായും ശാരീരിക മാനസികാരോഗ്യം ഉറപ്പുവരുത്തുന്ന രീതിയിലുമായിരിക്കണമെന്ന നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.
അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കും. ഇതൊഴിവാക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും ആവശ്യമായ അവബോധം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുമെന്നും ഡിജിപി അറിയിച്ചു.