സിപിഎം പ്രവര്‍ത്തകന്റെ മരണം പ്രചരണായുധമാക്കി യുഡിഎഫ്
|നാദാപുരത്തെ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ് സിപിഎം പ്രവര്ത്തകന് മരിച്ചത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുന്നു.
നാദാപുരത്തെ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ് സിപിഎം പ്രവര്ത്തകന് മരിച്ചത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുന്നു. നാദാപുരം സംഭവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാകണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും പ്രാദേശിക യുഡിഎഫ് നേതാക്കളും സിപിഎമ്മിനെതിരെ വിമര്‍ശവുമായി രംഗത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ലിനീഷിന്റെ മൃതദേഹം നാദാപുരത്ത് എത്തിച്ചു.
കഴിഞ്ഞ ബുധനാഴ്ച ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ലിനീഷുള്പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇരുകൈപ്പത്തികളും പാദവും തകര്‍ന്ന നിലയിലായിരുന്നു ലിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം കാണാന്‍ യുഡിഎഫിന്റെ ജില്ലാ നേതാക്കള്‍ മെഡിക്കല്‍ ആശുപത്രിയിലെത്തിയപ്പോള്‍ സിപിഎമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. നാദാപുരം സംഭവം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കണ്ണ് തുറപ്പിക്കുന്നതാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറഞ്ഞു. ബോംബ് രാഷ്ട്രീയം സിപിഎം ഉപേക്ഷിക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രതികരണം. രാഷ്ട്രീയത്തിലൂടെ ഒരു കുടുംബത്തെ അനാഥമാക്കിയ സിപിഎം നേതാക്കള്‍ മാപ്പ് പറയണമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ യുഡിഎഫ് നാദാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.