തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി അഡ്വ എം കെ ദാമോദരന്‍
|ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്ചുതാനന്ദന്റെ ഹര്‍ജി തള്ളിയതിനു ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്
തനിക്കെതിരെ ഗൂഢാലോചന നടന്നതായി അഡ്വ എം കെ ദാമോദരന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എം കെ ദാമോദരന്‍ ദ ഹിന്ദു പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം 9ആം തിയ്യതിയാണ് തന്നെ നിയമോപദേശകനായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അപ്പോള്‍ വാര്‍ത്തയാവാതിരുന്ന വിഷയം ഐസ്ക്രീം കേസില്‍ വി എസ് അച്യുതാനന്ദന്‍റെ ഹരജി സുപ്രിംകോടതി തള്ളിയപ്പോഴാണ് വിവാദമായതെന്ന് എം കെ ദാമോദരന്‍ തുറന്നടിച്ചു. തനിക്കെതിരെ ഗൂഢനീക്കം നടത്തുന്നവരുടെ പേര് പറയുന്നില്ല. പക്ഷെ അക്കാര്യം ഊഹിക്കാവുന്നതേയുള്ളൂ എന്നും എം കെ ദാമോദരന്‍ പറഞ്ഞു. വിവാദം സംബന്ധിച്ച് വിശദമായ കത്ത് മുഖ്യമന്ത്രിക്കയച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
സാന്‍റിയോഗോ മാര്‍ട്ടിന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്‍റെ കക്ഷിയാണെന്നും ഇക്കാര്യത്തില്‍ പുതുതായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ദാമോദരന്‍ വിശദീകരിച്ചു. നിയമോപദേശക സ്ഥാനത്തേക്കില്ലെന്ന വിവരം ഹൈക്കോടതിയില്‍ അറിയിച്ച എം കെ ദാമോദരന്‍ പക്ഷെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ദേശീയ പത്രത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം.