Kerala
പുറ്റിങ്ങല്‍ അപകടം: റവന്യു അധികൃതരും പൊലീസും ഗുരുതര വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മീഷന്‍പുറ്റിങ്ങല്‍ അപകടം: റവന്യു അധികൃതരും പൊലീസും ഗുരുതര വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മീഷന്‍
Kerala

പുറ്റിങ്ങല്‍ അപകടം: റവന്യു അധികൃതരും പൊലീസും ഗുരുതര വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മീഷന്‍

Sithara
|
11 May 2018 5:08 PM GMT

ഒരു തരത്തിലുള്ള വെടിക്കെട്ടിനും അനുയോജ്യമല്ലാത്ത പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനുള്ള അപേക്ഷ പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളേണ്ടതായിരുന്നുവെന്ന് കമ്മീഷന്‍

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ റവന്യൂ അധികൃതരും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായി കേന്ദ്രം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഒരു തരത്തിലുള്ള വെടിക്കെട്ടിനും അനുയോജ്യമല്ലാത്ത പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനുള്ള കമ്മിറ്റി ഭാരവാഹികളുടെ അപേക്ഷ പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളേണ്ടതായിരുന്നുവെന്ന് കമ്മിഷന്‍. നിയമലംഘനം ബോധ്യപ്പെട്ടിട്ടും സംഭവസ്ഥലത്തുണ്ടായിരുന്ന റവന്യൂ അധികാരികളോ പൊലീസോ തടയാന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്നലെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു.

നൂറിലധികം പേര്‍ വെന്തുമരിക്കാനിടയായ പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം പച്ചയായ നിയമലംഘനത്തിന്റെയും അധികൃതരുടെ അനാസ്ഥയുടെയും പരിണിത ഫലമാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ട്. വെടിക്കെട്ട് ജനവാസ കേന്ദ്രത്തില്‍ നിന്നും കുറഞ്ഞത് 100 മീറ്റര്‍ അകലെയായിരിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ പുറ്റിങ്ങല്‍ ക്ഷേത്രവളപ്പില്‍ സാധ്യമല്ല. അതിനാല്‍ മത്സരക്കമ്പം പോയിട്ട് ഒരു നിലയ്ക്കുള്ള വെടിക്കെട്ടിനും ഇവിടെ അനുമതി നല്‍കാനാവില്ല. എന്നിട്ടും ഒന്നരമാസം മുന്‍പ് ലഭിച്ച അപേക്ഷയില്‍ എഡിഎം തീരുമാനമെടുത്തത് വെടിക്കെട്ടിന്റെ തലേദിവസമായ ഏപ്രില്‍ എട്ടിനാണ്. 10000 മാലപ്പടക്കവും 200 അമിട്ടുകളും ഉള്‍പ്പെടെ ഭീമമായ അളവില്‍ വെടിമരുന്ന് ഉപയോഗിക്കുമെന്ന വിവരം അപേക്ഷയില്‍ തന്നെ വ്യക്തമാണ്. എന്നിട്ടും 12 കിലോ വെടിമരുന്നാണ് ഉപയോഗിക്കുന്നതെന്ന ക്ഷേത്ര കമ്മിറ്റിക്കാരുടെ വാക്ക് എങ്ങനെ മുഖവിലക്കെടുത്തുവെന്ന് കമ്മിഷന്‍ ചോദിക്കുന്നു. മത്സരക്കമ്പം അല്ലെങ്കില്‍പോലും തടയാന്‍ കാരണങ്ങളുണ്ടായിരിക്കെയാണ് എഡിഎമ്മിന്റെ അനാസ്ഥ.

മുന്‍കാലങ്ങളില്‍ വെടിക്കെട്ട് നടത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിക്കാര്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസും നിലവിലുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും തമ്മില്‍ ഒരു പരസ്പര ധാരണയും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തഹസില്‍ദാര്‍ നിയമലംഘനം തടയാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയില്ല. നിയമപരമായ അധികാരം ഉപയോഗിക്കാതെ തഹസില്‍ദാര്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. ഉത്തരവ് നല്‍കാന്‍ തനിക്ക് എസ്ഐയെ നേരിട്ട് കാണാന്‍ പറ്റിയില്ലെന്ന തഹസില്‍ദാറുടെ മൊഴി വിശ്വസനീയമല്ല. അതേസമയം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ജനപ്രതിനിധികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് ജില്ലാ കളക്ടറോ പൊലീസ് മേധാവികളോ മൊഴി നല്‍കിയില്ലെന്നും കേന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ചീഫ് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ഡോ എ കെ യാദവ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍, ബി എം റെഡ്ഡി എന്നിവരടങ്ങിയ കമ്മിഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.

Similar Posts