അക്രമം ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി
|ഹൈക്കോടതിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.
ഹൈക്കോടതിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പ്രശ്ന പരിഹാരത്തിന് അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് അന്വേഷിക്കാന്‍ എജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംഭവം സംബന്ധിച്ചുള്ള ജൂഡീഷ്യല്‍ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ ഹൈക്കോടതിക്കകത്തും പുറത്തുമായി മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം സംസ്ഥാനവ്യാപകമായി പടര്‍ന്നതിനെ തുടര്‍ന്നാണ് അനുരഞ്ജനചര്‍ച്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. മൂന്ന് ഘട്ടമായി നടത്തിയ ചര്‍ച്ചയില്‍ ആദ്യം അഭിഭാഷകരുടെ പ്രതിനിധികളുമായും പിന്നീട് മാധ്യമപ്രവര്‍ത്തകരുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ഇരു വിഭാഗവും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങളെകുറിച്ച് പരിശോധിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിച്ചു.
അതേസമയം ഹൈക്കോടതിക്കകത്ത് നടന്നസംഭവങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തില്ല. ഇക്കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കുമെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും പിണറായി പറഞ്ഞു. നിലവില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മറ്റ് അന്വേഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.