നിയമനം ഇല്ലെങ്കില്‍ മരണം: തണ്ടര്‍ബോള്‍ട്ട് ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിച്ചു
|അഞ്ച് നില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി സമരം ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് താഴെ ഇറക്കി
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ തണ്ടര്‍ബോൾട്ട് കമാന്റോയില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അഞ്ച് നില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി സമരം ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് താഴെ ഇറക്കി. ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ളവര്‍ വിഷയം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്.
.ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ തണ്ടര്‍ ബോൾട്ട് കമാന്റോ ഉദ്യോഗാര്‍ഥികളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയത്. 999 പേരുണ്ടായിരുന്ന റാങ്ക് പട്ടികയില്‍ നിന്ന് 449 പേരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കിയുള്ളവര്‍ക്ക് നിയമനം ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെയാണ് സമരക്കാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയുള്ള സമരവുമായി എത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറിയും എതിര്‍വശത്തെ അഞ്ച് നില കെട്ടിടത്തിന് മുകളില്‍ കയറിയുമാണ് ഇവര്‍ സമരം നടത്തിയത്.