മാണി ബന്ധത്തില്‍ ആടിയുലഞ്ഞ് എഴുപതിലധികം തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ഭരണം
|കോട്ടയം ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന്റെ 14 സീറ്റില്‍ ആറും കേരള കോൺഗ്രസിനാണ്. സഖ്യം ഉപേക്ഷിച്ചാല്‍ യുഡിഎഫിന് ഭൂരിപക്ഷം ...
കേരള കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചാല്‍ മധ്യ കേരളത്തില്‍ എഴുപതില്‍ അധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം യു ഡി എഫിന് നഷ്ടമാകും. കോട്ടയം, ഇടുക്കി ജില്ലാ പഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും സഖ്യം നിര്‍ണായകമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് കേരള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം.
കോട്ടയം ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന്റെ 14 സീറ്റില്‍ ആറും കേരള കോൺഗ്രസിനാണ്. സഖ്യം ഉപേക്ഷിച്ചാല്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകും. ചങ്ങനാശേരി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളിലും സ്ഥിതി സമാനമാണ്. സഖ്യം ഉപേക്ഷിച്ചാലും പാല നഗരസഭ കേരള കോൺഗ്രസിനും കോട്ടയം നഗരസഭ യുഡിഎഫിനും നിലനിര്‍ത്താനാകും. എന്നാല്‍ ആറ് ബ്ലോക്കുകളും 28 ഗ്രാമ പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടപ്പെടും.
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭ ഉൾപ്പെടെ 9 തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫിന് ഭൂരിപക്ഷം ഇല്ലാതാകും. ഇടുക്കിയില്‍ ജില്ലാ പഞ്ചായത്തും രണ്ട് നഗരസഭകളും രണ്ട് ബ്ലോക്കും 18 ഗ്രാമ പഞ്ചായത്തും ഭരണ പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് മുന്നണി വിട്ടാലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സഖ്യത്തിന്റെ കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടന്ന നിലപാടിലേക്ക് ഇരുവിഭാഗം നേതാക്കളും എത്തിയത്.