ആരോഗ്യരംഗത്ത് വയനാടിന് പ്രഥമ പരിഗണനയെന്ന് ആരോഗ്യമന്ത്രി
|മെഡിക്കല്‍ കോളജ് റോഡ് പ്രവൃത്തി തുടങ്ങി
ആരോഗ്യരംഗത്ത് വയനാടിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. വയനാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. വയനാട്ടുകാരുടെ ഏറെ കാലത്തെ ആഗ്രഹമായ മെഡിക്കല്‍ കോളജിന്റെ റോഡ് പ്രവൃത്തിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. ഓരോ ജില്ലാ ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കി മാറ്റും. ആറ് ജില്ലകളില്‍ കാത്ത് ലാബുകള്‍ തുടങ്ങും. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകളെയാണ് കാര്‍ഡിയാക് ലാബുകള്‍ക്കായി പരിഗണിയ്ക്കുക.
ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കും. ഒരു മണ്ഡലത്തില്‍ ഒരു കുടുംബാരോഗ്യ കേന്ദ്രം ആരംഭിയ്ക്കും. മികച്ച ചികിത്സാ ഉപകരണങ്ങള്‍ ആശുപത്രികളില്‍ സജ്ജീകരിയ്ക്കും.
വയനാട്ടില്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയുടെ ഓപിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സന്ദര്‍ശിച്ച്, അരിവാള്‍ രോഗികളുടെയും മാനസിക വൈകല്യമുള്ളവരുടെയും പ്രശ്നങ്ങളും കേട്ടറിഞ്ഞാണ് മന്ത്രി മടങ്ങിയത്.