Kerala
ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് വീണ്ടും സിപിഎംശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് വീണ്ടും സിപിഎം
Kerala

ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് വീണ്ടും സിപിഎം

Alwyn K Jose
|
11 May 2018 3:29 AM GMT

ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് സിപിഎം വീണ്ടും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് സിപിഎം വീണ്ടും രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് സ്ത്രീപ്രവേശത്തെ അനുകൂലിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെയും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ചാണ് കോടിയേരിയുടെ ലേഖനം.

ശബരിമലയിലെ സ്ത്രീ പ്രവേശം വിലക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉൾപ്പെടെയുള്ളവരുടെ വാദം സ്ത്രീവിരുദ്ധ നിലപാടാണെന്ന് കുറ്റപ്പെടുത്തിയാണ് ലേഖനം തുടങ്ങുന്നത്. സ്ത്രീപ്രവേശത്തെ ഒരു ആചാരമായി കാണുന്നവര്‍ ഫ്യൂഡല്‍ ചിന്തയാണ് പുനസ്ഥാപിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് 5 ലക്ഷം അമ്മമാര്‍ അയ്യപ്പദര്‍ശനം നടത്തിയെന്ന് പ്രയാര്‍ തന്നെ പറയുന്നു. ഇതുകൊണ്ട് ഭൂമികുലുക്കമുണ്ടായോയെന്ന് കോടിയേരി ചോദിക്കുന്നു. ശബരിമല ദര്‍ശനത്തിന് 41 ദിവസം വ്രതമെടുക്കേണ്ടതിനാല്‍ മാസമുറയുള്ള സ്ത്രീകൾക്ക് അതിന് കഴിയില്ലെന്ന എന്‍ഡിഎ നിയമസഭ സ്ഥാനാര്‍ഥി അക്കീരമണിന്റെ വിഢിത്തം നിറഞ്ഞ വാദമാണ് കോൺഗ്രസ് നേതാവ് കൂടിയായ പ്രയാറും കൂട്ടരും ആവര്‍ത്തിക്കുന്നത്. പുരുഷാധിപത്യത്തെ നിലനിര്‍ത്താനാണ് ഇത്തരം പഴഞ്ചന്‍ വര്‍ഗവാദങ്ങളിലൂടെ ശ്രമിക്കുന്നത്.

സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പുരുഷന്മാരുടെ നിയന്ത്രണം വിട്ടുപോകുമെന്ന വാദം അയ്യപ്പഭക്തരെ അധിക്ഷേപിക്കലാണ്. സ്ത്രീകളുടെ തുല്യ പദവി അംഗീകരിക്കാത്ത രാഷ്ട്രീയ പ്രമാണമാണോ കെപിസിസിക്കുള്ളതെന്ന് സ്ത്രീവിലക്കിനെതിരെ നിശബ്ദത പാലിക്കുന്ന കോൺഗ്രസ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ശബരിമലയിലെത്തുന്നതിന് മുമ്പ് പ്രയാറിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് 12 മണിക്കൂര്‍ സമരം നടത്തിയത് സ്ത്രീപ്രവേശത്തെ എല്‍ഡിഎഫ് വിരുദ്ധ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കാനാണോയെന്ന് സംശയിക്കണമെന്നും ലേഖനം വിമര്‍ശിക്കുന്നു. ശരീഅത്ത് വിവാദ കാലത്തും, ക്രിസ്ത്യന്‍ സ്ത്രീകളുടെ സ്വത്ത് പിന്തുടര്‍ച്ചാവകാശ വിവാദത്തിലും പുരോഗമന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലെന്നും ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.

Similar Posts