Kerala
രുചിയുടെ മഹോത്സവമായി ആറന്‍മുള വള്ളസദ്യ; ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തുരുചിയുടെ മഹോത്സവമായി ആറന്‍മുള വള്ളസദ്യ; ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു
Kerala

രുചിയുടെ മഹോത്സവമായി ആറന്‍മുള വള്ളസദ്യ; ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു

Alwyn
|
11 May 2018 5:22 PM GMT

പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഇത്തവണയും ആറന്‍മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി എത്തിയത്.

പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്നു. പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഇത്തവണയും ആറന്‍മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി എത്തിയത്.

വള്ളസദ്യയ്ക്കായി വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പള്ളിയോടങ്ങളിലേറി പമ്പയാറ്റിലൂടെ റാന്നിമുതല്‍ ചെന്നിത്തല വരെയുള്ള അമ്പത് കരക്കാരും ആറന്മുള ക്ഷേത്രക്കടവിലെത്തി. തുടര്‍ന്ന് വഞ്ചിപ്പാട്ട് പാടി ക്ഷേത്ര വലംവെക്കല്‍. ക്ഷേത്രത്തിന് മുന്‍പില്‍ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ആദ്യം ഭഗവാന്‍ പാര്‍ത്ഥസാരഥിക്ക് വള്ളസദ്യവിളമ്പി. ക്ഷേത്രമതിലകത്ത് ഓരോ പള്ളിയോടക്കരക്കാര്‍ക്കും സദ്യകഴിക്കുന്നതിനു പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭക്തര്‍ക്കായുള്ള സമൂഹ സദ്യയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ സദ്യയൊരുക്കിയത്. 54 ഓളം വിഭവങ്ങളും 450 പറ അരിയുടെ ചോറുമാണ് വള്ളസദ്യയ്ക്കായി ഒരുക്കിയത്. എന്‍എസ്എസ് പ്രസിഡന്റ് പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ വള്ളസദ്യ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.

Related Tags :
Similar Posts