സെക്രട്ടേറിയറ്റില്‍ ഓഫീസ് അനുവദിക്കാത്തതില്‍ വിഎസിന് അതൃപ്തി
|ഓഫീസിന് നിശ്ചയിച്ച വികാസ് ഭവനില്‍ സൗകര്യമില്ലെന്ന് വിഎസ്
ഭരണപരിഷ്കരണ കമ്മീഷനെ നിയമിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിലെ അതൃപ്തിയാണ് വിഎസ് ചീഫ് സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചത്. കത്തില്‍ വിഎസ് ഉന്നയിക്കുന്നകാര്യങ്ങള് ഇവയാണ്. ഭരണ പരിഷ്കരണ കമ്മിഷന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന് കാണിച്ച് ഓഗസ്റ്റ് 18ന് ഞാന്‍ കത്തു നല്‍കിയിരുന്നു. ഓഫീസിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ സെക്രട്ടറിയേറ്റിന് അകത്തായിരിക്കുമെന്നും ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് ആയിരിക്കുമെന്നുമാണ് എന്നെ അറിയിച്ചിരുന്നത്.
എന്നാല്‍ ഉറപ്പ് നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി സെക്രട്ടറിയേറ്റിന് പുറത്ത് ഓഫീസ് അനുവദിച്ചത് അവഹേളനമാണ്. കമ്മിഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയിലും കത്തില്‍ വിഎസ് എതിര്‍പ്പറിയിച്ചിട്ടുണ്ട്. കമ്മീഷന് സൗകര്യങ്ങള്‍ ഒരുക്കാത്തതിലെ അമര്‍ഷം കഴിഞ്ഞ ദിവസം വിഎസ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സെക്രട്ടറിയേറ്റിന് പുറത്ത് ഐഎംജിയില്‍ കമ്മീഷന് ഓഫീസ് അനുവദിച്ചതില്‍ തെറ്റില്ലെന്ന നിലപാടാണ് സര്‍ക്കാറിനുളളത്.
സെക്രട്ടറിയേറ്റിലുളളതിനേക്കാള് കൂടുതല്‍ സൗകര്യം ഐഎംജിയിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിഎസ് ആവശ്യപ്പെട്ടപ്രകാരം കവടിയാര്‍ ഹൗസ് ഒദ്യോഗിക വസതിയായി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് സൂചന.
വി എസിന്റെ പദവി തീരുമാനമെടുക്കേണ്ടത് കേരളത്തിലെന്ന് സീതാറാം യെച്ചൂരി
വി എസിന്റെ പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേരളത്തിലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പി ബി കമ്മീഷന് റിപ്പോര്‍ട്ട് അടുത്ത കേന്ദ്രകമ്മിറ്റിക്ക് മുന്‍പ് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. പി ബി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.