Kerala
Kerala

ഓണവും ബക്രീദും ഒന്നിച്ചെത്തി; നഗരങ്ങളില്‍ തിരക്കോടു തിരക്ക്

Alwyn K Jose
|
11 May 2018 5:59 PM GMT

വസ്ത്രവ്യാപാര ശാലകളിലും ഗൃഹോപകരണ വില്‍പ്പന കേന്ദ്രങ്ങളിലും പലചരക്ക്- പച്ചക്കറി കടകളിലുമെല്ലാം ജനം തിക്കിത്തിരക്കിയതോടെ ഉത്സവാന്തരീക്ഷത്തിലാണ് നാടുംനഗരവും.

ഓണവും ബക്രീദും ആഘോഷമാക്കാന്‍ ജനം കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ നഗരങ്ങളില്‍ തിരക്കോടു തിരക്ക്. വസ്ത്രവ്യാപാര ശാലകളിലും ഗൃഹോപകരണ വില്‍പ്പന കേന്ദ്രങ്ങളിലും പലചരക്ക്- പച്ചക്കറി കടകളിലുമെല്ലാം ജനം തിക്കിത്തിരക്കിയതോടെ ഉത്സവാന്തരീക്ഷത്തിലാണ് നാടുംനഗരവും. പച്ചക്കറി പലചരക്കു വിലയില്‍ നേരിയ വര്‍ധനവ് മാത്രമാണെന്നതും ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്.

അത്തം മുതല്‍ റോഡില്‍ തിരക്കാണ്. ആഘോഷങ്ങള്‍ക്ക് രുചിപകരാന്‍ വിഭവങ്ങള്‍ തേടി പച്ചക്കറി- പലചരക്കുകടകളില്‍ എത്തുന്നവര്‍ അനവധിയാണ്. പച്ചക്കറി വിലയിലും പലചരക്കു വിലയിലും നേരിയ വര്‍ധനവുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഇത്തവണ സാധനങ്ങളും മറ്റും ലഭിക്കുന്നുവെന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണ്. ഈദ് ഓണം അവധികളുടെ തുടക്കത്തില്‍ത്തന്നെ എടിഎമ്മില്‍ നിന്ന് പണം ലഭിക്കാത്തത് ആളുകളെ ബുദ്ധിമുട്ടിലാക്കി. കൊച്ചിയിലെ വിപണിയെ ഇത് പ്രതികൂലമായി ബാധിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ വഴിയോര കച്ചവടക്കാരും ശുഭ പ്രതീക്ഷയിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളടക്കമുളളവര്‍ നേരത്തെ തന്നെ തെരുവിന്റെ ഇരുവശങ്ങളിലുമായി നിരന്നു കഴിഞ്ഞു. വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെല്ലാം തന്നെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ആകര്‍ഷകമായ സമ്മാന പദ്ധതികളും ഓഫറുകളുമാണ് ആഘോഷവുമായി ബന്ധപ്പെട്ട് കച്ചവട കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

Related Tags :
Similar Posts