Kerala
കണ്ണൂരില്‍ തമിഴ്‍നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചുകണ്ണൂരില്‍ തമിഴ്‍നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
Kerala

കണ്ണൂരില്‍ തമിഴ്‍നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

Alwyn
|
11 May 2018 11:34 AM GMT

കണ്ണൂര്‍ തലശ്ശേരിയില്‍ തമിഴ്നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. സേലം സ്വദേശി കാളിമുത്തുവാണ് മരിച്ചത്.

കണ്ണൂര്‍ തലശ്ശേരിയില്‍ തമിഴ്നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. സേലം സ്വദേശി കാളിമുത്തുവാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് തലശ്ശേരി ടൌണ്‍ പൊലീസ് സ്റ്റേഷന്റെ ലോക്കപ്പിനുള്ളില്‍ തമിഴ്നാട് സ്വദേശി കാളിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ആദ്യ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് തലശ്ശേരി ടെംപിള്‍ ഗേറ്റ് പരിസരത്തുനിന്ന് കാളിമുത്തുവിനേയും സുഹൃത്ത് രാജുവിനേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. മോഷ്ടാക്കളാണെന്ന സംശയത്തേ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് മര്‍ദിക്കുകയും പിന്നീട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയില്‍ ഹാജരാക്കാനോ മതിയായ വൈദ്യസഹായം നല്‍കാനോ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് കാളിമുത്തു മരിച്ചതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാളിമുത്തുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും സ്ഥലം എംഎല്‍എ എഎന്‍ ഷംസീര്‍ ആവശ്യപ്പെട്ടു, കാളിമുത്തുവിന്റെ മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Similar Posts