ബിപിസിഎല്‍ കമ്പനി വികസനത്തിന്റെ മറവില്‍ അനധികൃതമായി പാടങ്ങള്‍ നികത്തല്‍; അന്വേഷണത്തിന് നിര്‍ദേശം
|കമ്പനി വിപുലീകരണത്തിന്റെ മറവില്‍ ഏക്കര്‍ കണക്കിന് പാടം നികത്തുന്നുവെന്ന വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ട് വന്നത്.
കൊച്ചി ഭാരത് പെട്രോളിയം കമ്പനി വികസനത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തികളും ഭൂമാഫിയയും ചേര്‍ന്ന് ഏക്കര്‍ കണക്കിന് പാടം നികത്തുന്നത് അന്വേഷിക്കാന്‍ നിര്‍ദേശം. കൃഷിമന്ത്രിയും റവന്യൂ മന്ത്രിയുമാണ് അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്പനി വിപുലീകരണത്തിന്റെ മറവില്‍ ഏക്കര്‍ കണക്കിന് പാടം നികത്തുന്നുവെന്ന വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ട് വന്നത്.
ബിപിസിഎല്‍ കമ്പനിയുടെ പദ്ധതി വിപുലീകരണത്തിനും പെട്രോകെമിക്കല്‍ ജോയിന്‍റ് വെഞ്ചര്‍ സ്ഥാപിക്കുന്നതിനുമായി ഏക്കര്‍ കണക്കിന് പാടങ്ങള്‍ നികത്തുന്നുവെന്ന വാര്‍ത്ത മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അന്വേഷണം നടത്താനും ക്രമക്കേടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കാനുമാണ് റവന്യൂ- കൃഷി വകുപ്പ് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയത്. എറണാകുളം ജില്ലാ കലക്ടര്‍ ഇത് സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് തിരുവാണിയൂര്‍, പുത്തന്‍കുരിശ് വില്ലേജുകളിലായി ഭൂമാഫിയകള്‍ വയല്‍ നികത്തിക്കൊണ്ടിരിക്കുന്നത്. കമ്പനി വിപുലീകരണത്തിനും പെട്രോ കെമിക്കല്‍ ജോയിന്‍റ് വെഞ്ച്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 58 ഏക്കര്‍ നികത്തുന്നതിന് നല്‍കിയ അനുമതിയുടെ മറവിലാണ് നികത്തല്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിന് അനുമതി ലഭിച്ചത്. റിഫൈനറി ജനറല്‍ മാനേജരാണ് പാടം നികത്താനുള്ള അനുമതി തേടിയുള്ള അപേക്ഷ നല്‍കിയിരുന്നത്. ഉത്തരവ് പ്രകാരം തിരുവാണിയൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 4/2 മുതല്‍ 65-2 വരെയുള്ള 27.63 ഏക്കര്‍ പാടവും ഇതേ വില്ലേജിലെ തന്നെ സര്‍വേ നമ്പര്‍ 2/2 മുതല്‍ 11/7 വരെയുള്ള 30.1814513 ഏക്കര്‍ പാടവും നികത്താനാണ് കാര്‍ഷികോദ്പാദന കമ്മീഷണര്‍ അനുമതി നല്‍കിയിരിക്കുന്നത്. സെന്‍റിന് ഒന്നും രണ്ടും ലക്ഷം രൂപ വരെ നല്‍കിയാണ് വയലായിരുന്ന ഭൂമി കമ്പനി ഏറ്റെടുത്തത്.