Kerala
Kerala

ഹയര്‍ സെക്കണ്ടറി അധ്യാപക തസ്തികകളുടെ എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നീക്കം

Damodaran
|
11 May 2018 1:33 AM GMT

ഹയര്‍സെക്കണ്ടറികളില്ലാത്ത പഞ്ചായത്തുകളില്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച സ്കൂളുകളിലെ മുവായിരത്തോളം തസ്തികകള്‍ നഷ്ടമാവുമെന്ന് സൂചന

ഹയര്‍ സെക്കണ്ടറി അധ്യാപക തസ്തികകളുടെ എണ്ണം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നീക്കം. വര്‍ക്ക് ലോഡ് വര്‍ധിപ്പിച്ച് അധ്യാപകരുടെ എണ്ണം കുറക്കാന്‍ ധനകാര്യ വകുപ്പിന്റെ നിര്‍ദേശിച്ചു. ഹയര്‍സെക്കണ്ടറികളില്ലാത്ത പഞ്ചായത്തുകളില്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച സ്കൂളുകളിലെ മുവായിരത്തോളം തസ്തികകള്‍ നഷ്ടമാവുമെന്ന് സൂചന. ഈ ആവശ്യമുന്നയിച്ച് ധനകാര്യ വകുപ്പ് അയച്ച കുറിപ്പ് മീഡിയവണിന്.

ഏഴ് പിരീഡുകള്‍ വരെ അധ്യാപക നിയമനങ്ങള്‍ വേണ്ടതില്ല. 14 വരെയുള്ള പിരീഡുകള്‍ക്ക് ഒരു ജൂനിയര്‍ അധ്യാപകനും 31 വരെ പരീഡുകള്‍ക്ക് ഒരു സീനിയര്‍ അധ്യാപകനെയും നിയമിക്കാനേ ധനകാര്യ വകുപ്പിന്റെ പുതിയ നിര്‍ദേശമനുസരിച്ച് വ്യവസ്ഥയുള്ളൂ. 25 വരെയുള്ള പിരീഡുകള്‍ക്ക് ഇതുവരെ ഒരു സീനിയര്‍ അധ്യാപകനെ നിയമിക്കണമായിരുന്നു. അധികം വരുന്ന മൂന്ന് പിരീഡിന് ഒരു ജൂനിയര്‍ അധ്യാപകനെ നിയമിക്കണമെന്ന വ്യവസ്ഥ എടുത്തുകളയണമെന്നും ധനകാര്യ വകുപ്പിന്റെ പുതിയ നിര്‍ദേശത്തിലുണ്ട്. നിര്‍ദേശത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ഗവ എയ്ഡഡ് മേഖലകളില്‍ 2014ല്‍ സര്‍ക്കാര്‍ അനുവദിച്ച ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് ധനകാര്യ വകുപ്പിന്റെ പുതിയ നിര്‍ദേശം.

എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഹയര്‍ സെക്കണ്ടറി ഇല്ലെന്ന് കണ്ടെത്തിയ പഞ്ചായത്തുകളിലാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്കൂളുകള്‍ അനുവദിച്ചിരുന്നത്. ഇവിടങ്ങളിലെ മുവായിരം അധ്യാപക തസ്തികകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ ധനകാര്യ വകുപ്പ് തിരിച്ചയക്കുകയും ചെയ്തു. വലിയ സാന്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് കണ്ടെത്തിയാണ് അധ്യാപകരുടെ ജോലിഭാരം വര്‍ധിപ്പിച്ച് തസ്തിക പുനര്‍ നിര്‍ണയിക്കാന്‍ ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടത്. ധനകാര്യ വകുപ്പിന്റെ നിര്‍ദേശം തസ്തിക നിര്‍ണയത്തിനുള്ള ചട്ടങ്ങള്‍ മറികടന്നെന്നും ആക്ഷേപമുണ്ട്.

Similar Posts