മലപ്പുറം കളക്ടര്‍ ഷൈനമോള്‍ക്ക് സ്ഥാനചലനം
|കെജിഎസ് ഗ്രൂപ്പിന് നല്കിയ എന്‍ഒസി, ഓഹരി പങ്കാളിത്ത കരാര്‍ എന്നിവയും റദ്ദാക്കി
മലപ്പുറം ജില്ലാ കലക്ടര്‍ ഷൈനമോളെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഷൈന മോളെ വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. കളക്ടര്‍ ജനപ്രതിനിധികളെ മാനിക്കുന്നില്ലെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. അമിത് മീണയാണ് മലപ്പുറത്തെ പുതിയ കളക്ടര്‍.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനം. പദ്ധതി പ്രദേശം വ്യവസായ മേഖലയാക്കിയുള്ള വിജ്ഞാപനം, കെജിഎസ് ഗ്രൂപ്പിന് നല്കിയ എന്‍ഒസി, ഓഹരിപങ്കാളിത്ത കരാര്‍ എന്നിവ റദ്ദാക്കി.
ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി വില്ലേജുകളില്‍ 350 ഏക്കര്‍ ഭൂമിയാണ് 2011ല്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തിരുന്നത്. വിമാനത്താവള പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കിയ വിഎസ് സര്‍ക്കാര്‍ കെജിഎസിന്റെ ആവശ്യപ്രകാരം വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ മന്ത്രിസഭയെ അറിയിക്കാതെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അസാധാരണ ഗസറ്റ് വിജ്ഞാപനമായി കൊണ്ടുവന്നതാണെന്നാണ് എല്‍ഡിഎഫ് വിശദീകരിച്ചത്. പദ്ധതിയെ എതിര്‍ക്കുന്ന എല്‍ഡിഎഫ് തന്നെയാണ് വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തതെന്ന് യുഡിഎഫ് വാദിക്കുകയും ചെയ്തിരുന്നു. വിജ്ഞാപനം റദ്ദാക്കുന്നതോടെ പ്രദേശം മിച്ചഭൂമിയായി മാറും.
ഇതിനൊപ്പം എന്‍ഓസിയും ഓഹരി പങ്കാളിത്ത കരാറും റദ്ദാക്കുന്നതോടെ ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ച നിലയായി. പദ്ധതി പ്രദേശത്ത് സര്‍ക്കാര്‍ മുന്‍കൈയില്‍ കൃഷി പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെജിഎസ് ഗ്രൂപ്പ് കോടതിയെ സമീപിച്ചാല്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക് പോകും.