വിഎസിനും സംസ്ഥാന നേതൃത്വത്തിനും പരിക്കില്ലാത്ത നടപടി
|വിഎസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തല്ലും തലോടലുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ പതിവുരീതി ഇത്തവണയും തെറ്റിച്ചില്ല.
സംസ്ഥാന നേതൃത്വത്തിനും വി എസ് അച്യുതാനന്ദനും ഒരുപോലെ വിജയം അവകാശപ്പെടാവുന്ന നിലയിലാണ് പിബി കമ്മിഷന് റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തീര്‍പ്പാക്കിയത്. ഇരുപക്ഷത്തിനും പരിക്കില്ലാത്ത രീതിയില്‍ പ്രശ്നം അവസാനിപ്പിച്ച കേന്ദ്ര നേതൃത്വം കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനത്തില്‍ സംതൃപ്തനാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം.
വിഎസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തല്ലും തലോടലുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ പതിവുരീതി ഇത്തവണയും തെറ്റിച്ചില്ല. താക്കീത് എന്ന തല്ലിന് പിറകെ സംസ്ഥാന കമ്മിറ്റി അംഗത്വമെന്ന തലോടലും. ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുടെ പരമ്പര ചൂണ്ടിക്കാട്ടി വിഎസിന് ശിക്ഷ വാങ്ങിക്കൊടുക്കാനും സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പടിക്ക് പുറത്ത് നിര്‍ത്താനും കഴിഞ്ഞത് വിജയമായി ഔദ്യോഗിക പക്ഷത്തിന് അവകാശപ്പെടാം. നിലവിലെ സാഹചര്യത്തില്‍ വിഎസ് ഒരു ഭീഷണിയായി കരുതാത്ത സംസ്ഥാന നേതൃത്വം കടുത്ത ശിക്ഷക്കായി വാശി പിടിച്ചതുമില്ല.
പാര്‍ട്ടിയോടും സര്‍ക്കാരിനോടും സമരസപ്പെട്ടുള്ള വിഎസിന്റെ നിലവിലെ പ്രവര്‍ത്തന രീതിയും ശിക്ഷ താക്കീതിലൊതുക്കാന്‍ കാരണമായി. അതേസമയം, വി എസ് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനാണെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ നിലനിര്‍ത്താന്‍ സംസ്ഥാന കമ്മിറ്റി ക്ഷണിതാവാക്കുന്നതിലൂടെ കഴിയുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി തീരുമാനം വിഎസും അംഗീകരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു.
അഭിപ്രായങ്ങള്‍ പാര്‍ട്ടി കമ്മിറ്റിയില്‍ മാത്രമേ ഉന്നയിക്കാവൂ എന്ന നിര്‍ദേശത്തിന് വിഎസ് പൂര്‍ണമായി വഴങ്ങുമോ എന്ന് ഉറപ്പില്ല. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം വിഎസിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ ബാധകവുമാണ്.