Kerala
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: ചര്‍ച്ച പരാജയംകേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: ചര്‍ച്ച പരാജയം
Kerala

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്: ചര്‍ച്ച പരാജയം

Sithara
|
11 May 2018 2:28 PM GMT

നാളെ സെക്രട്ടേറിയറ്റ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍

സെക്രട്ടിയേറ്റില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു. ചീഫ്സെക്രട്ടറി ഇന്ന് വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ നാളെ സെക്രട്ടറിയേറ്റ് ബഹിഷ്കരിക്കാനാണ് സംഘടനകളുടെ തീരുമാനം. എന്നാല്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ചീഫ്സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിച്ചു.

സെക്രട്ടറിയേറ്റില്‍ കെഎഎസ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണാനുകൂല സംഘനകളില്‍ നിന്ന് അടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. തീരുമാനത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ചീഫ്സെക്രട്ടറി ഇന്ന് ഉച്ചക്ക് വിളിച്ച യോഗത്തില്‍ വിശദീകരിച്ചു. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നായിരുന്നു പ്രതിപക്ഷ അനുകൂല സംഘനകളുടെ നിലപാട്. അരമണിക്കൂറോളം നേരം ചര്‍ച്ച നടത്തിട്ടും സമവായമുണ്ടാകാത്തിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഉപവാസവും നിയമസഭ ആരംഭിക്കുന്ന ദിവസം മുതല്‍ അനിശ്ചിതകാലസമരം നടത്താനുമാണ് സംഘടനകളുടെ ആലോചന. നേരത്തെ കെഎഎസ് നടപ്പാക്കുന്നതിനെതിരെ ‍ പ്രതിഷേധം സംഘടിപ്പിച്ച ഭരണാനുകൂല സംഘടനകളെ നേതാക്കളെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സമരം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ്സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

Similar Posts