83 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
|പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പയ്യന്നൂര്‍, കല്യാശ്ശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ ബെന്നി ബെഹനാന് പകരം, പി ടി തോമസ് മത്സരിക്കുമ്പോള്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ ബാബു, കെ സി ജോസഫ് എന്നിവര്‍ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കും.
ഒമ്പത് ദിവസം നീണ്ട് നിന്ന ചര്‍ച്ചകള്‍ക്കും, നാടകീയ രംഗങ്ങള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും ശേഷമാണ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മത്സരിക്കുന്ന 86 മണ്ഡലങ്ങളില്‍ 83 എണ്ണത്തിലാണ് പ്രഖ്യാപനം. കല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീടേ പ്രഖ്യാപിക്കൂ. ഇവിടെ കൂടുതല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയതായാണ് സൂചന.
തൃക്കാക്കരയില്‍ ബെന്നി ബെഹനാന് പകരം പി ടി തോമസ് പട്ടികയില്‍ ഇടം പിടിച്ചു. എന്നാല്‍ വി എം സുധീരന്റെ എതിര്‍പ്പ് മറികടന്ന്, കോന്നിയില്‍ അടൂര്‍ പ്രകാശും, ഇരിക്കൂറില്‍ കെ സി ജോസഫും, തൃപ്പൂണിത്തറയില്‍ കെ ബാബുവും, കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷനും മത്സരിക്കും.
33 സിറ്റിംഗ് എംഎല്‍മാരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. മന്ത്രിമാരായ എപി അനില്‍ കുമാര്‍ വണ്ടൂരിലും, വി എസ് ശിവകുമാര്‍ തിരുവനന്തപുരത്തും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും, പി കെ ജയലക്ഷ്മി മാനന്തവാടിയിലും ജനവിധി തേടും. കെ മുരളീധരന്‍ വട്ടിയൂര്‍കാവിലും, വി ഡി സതീഷന്‍ പറവൂരിലും, വി ടി ബല്‍റാം തൃത്താലയിലും, പി സി വിഷ്ണുനാഥ് ചെങ്ങന്നൂരിലും, മത്സരിക്കും. ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍, പി എ മാധവന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബെഹ്നാന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരാണ് പട്ടികയിലില്ലാത്ത സിറ്റിംഗ് എംഎല്‍എമാര്‍.
ധര്‍മടത്ത് മമ്പറം ദിവാകരനും, മലമ്പുഴയില്‍ വി എസ് ജോയിയും മത്സരിക്കും. കെ സുധാകരന്‍ ഉദുമയിലും, എ പി അബ്ദുള്ളക്കുട്ടി തലശ്ശേരിയിലും, സതീഷന്‍ പാച്ചേനി കണ്ണൂരിലും മത്സരിക്കും. കായംകുളത്ത് എം ലിജുവിനെയും, കുന്ദമംഗലത്ത് ടി സിദ്ധീഖും, ആലുവയില്‍ റോജി എം ജോണുമായിരിക്കും സ്ഥാനാര്‍ത്ഥികള്‍. വനിതകളില്‍ പത്മജ വേണുഗോപാല്‍ തൃശൂരിലും, ലാലി വിന്‍സന്റ് ആലപ്പുഴയിലും സ്ഥാനാര്‍ത്ഥികളാകും. ഇവരടക്കം ഏഴ് വനിതകളാണ് പട്ടികയില്‍ ഇടംപടിച്ചത്.