ആദിവാസികള്‍ ഊര് വിട്ട് പുഴയോരത്തേക്ക് താമസം മാറ്റുന്നു
|ലക്ഷങ്ങള്‍ മുടക്കി കോളനികളില്‍ നിര്‍മിച്ച കുടിവെളള വിതരണ പദ്ധതികള്‍ ഫലം കാണാതായതാണ് ആദിവാസികളുടെ ദുരിതത്തിന് കാരണം...
വേനല്‍ച്ചൂട് കനത്തതോടെ ആദിവാസികള്‍ ഊര് വിട്ട് പുഴയോരത്തേക്ക് താമസം മാറ്റുന്നു. കണ്ണൂര്‍ കൊട്ടിയൂരിലാണ് ജലക്ഷാമം രൂക്ഷമായതോടെ ആദിവാസികള്‍ പുഴയോരത്ത് കുടില്‍ കെട്ടിയത്. ലക്ഷങ്ങള്‍ മുടക്കി കോളനികളില്‍ നിര്‍മിച്ച കുടിവെളള വിതരണ പദ്ധതികള്‍ ഫലം കാണാതായതാണ് ആദിവാസികളുടെ ദുരിതത്തിന് കാരണം.
രണ്ട് മാസത്തിലേറെയായി കൊട്ടിയൂര്‍ നെല്ലിയോടി കോളനിയിലെ ഭൂരിഭാഗം പേര്‍ക്കും ഈ പുഴയോരമാണ് ഊര്. വേനല്‍ കനത്തതോടെ കോളനിയില്‍ കുടിവെളളം പോലും കിട്ടാതെ വന്നതോടെയാണ് ഇവര്‍ ബാവലിപ്പുഴയുടെ കരയില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങളാണ് ഇത്തരത്തില്‍ ഇവിടെ കഴിയുന്നത്.
പുഴയോരത്ത് ചെറിയ കുഴികളുണ്ടാക്കിയാണ് ഇവര്‍ കുടിവെളളം ശേഖരിക്കുന്നത്. അലക്കും കുളിയുമെല്ലാം പുഴയില്‍ തന്നെ. പകല്‍ മുതിര്‍ന്നവര്‍ ദൂരസ്ഥലങ്ങളില്‍ കൂലിപ്പണിക്ക് പോകും. ഈ സമയം സ്ത്രീകളും കുട്ടികളും പുഴയില്‍ മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെടും. അഞ്ച് വര്‍ഷം മുമ്പ് കോളനിയില്‍ ലക്ഷങ്ങള്‍ മുടക്കി കുടിവെളള പൈപ്പുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അതില്‍ കുടിവെളളം മാത്രമില്ല. ഇനി ഇക്കാര്യത്തില്‍ ഇവര്‍ ആരോടും പരാതി പറയാനും ബാക്കിയില്ല.
ഇത് ഒരു കോളനിയിലെ മാത്രം അവസ്ഥയല്ല. തൊട്ടടുത്തുളള മന്ദഞ്ചേരി, പാല്‍ച്ചുരം തുടങ്ങിയ സമീപ കോളനികളില്‍ നിന്നും ഇത്തരത്തില്‍ നിരവധി കുടംബങ്ങള്‍ പുഴയുടെ വിവിധ കരകളില്‍ താമസം തുടങ്ങിയിട്ടുണ്ട്.