തൃക്കാക്കരയില്‍ പരിചയസമ്പന്നരുടെ പോരാട്ടം
|രാഷ്ട്രീയ കേരളത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ പിടി തോമസിനും സെബാസ്റ്റ്യന്‍ പോളിനും സമാനതകള്‍ ഏറെ...
തൃക്കാക്കരയില്‍ ഇരുമുന്നണികള്‍ക്കും വേണ്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത് മുന്‍ എംപിമാര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി തോമസിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പോളിനും നിയമസഭ സാമാജികര്‍ എന്ന നിലയിലും മുന്‍പരിചയമുണ്ട്.
രാഷ്ട്രീയ കേരളത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ പിടി തോമസിനും സെബാസ്റ്റ്യന്‍ പോളിനും സമാനതകള്‍ ഏറെ. ഇരുവരും അഭിഭാഷകര്‍. രണ്ട് തവണ പാര്‍ലമെന്റ് അംഗമായ സെബാസ്റ്റ്യന്‍ പോള്‍ ഒരു തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇടുക്കി എംപി യായിരുന്ന പിടി തോമസ് രണ്ട് തവണ നിയമസഭ അംഗമായിട്ടുണ്ട്. ബെന്നി ബഹനാനെ പിന്‍വലിച്ചാണ് യുഡിഎഫ് പിടി തോമസിനെ തൃക്കാക്കര നിലനിര്‍ത്താന്‍ നിയോഗിച്ചിരിക്കുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രം യുഡിഎഫിന് അനുകൂലമാണ്. പ്രാചാരണം വൈകി തുടങ്ങിയത് പ്രതിബന്ധമായെങ്കിലും ആത്മവിശ്വാസത്തിലാണ് പിടി തോമസ്.
നേരത്തെ ഇടത് സ്വതന്ത്രനായി മത്സരിച്ചിട്ടുള്ള സെബാസ്റ്റ്യന്‍ പോള്‍ സിപിഎം ചിഹ്നത്തിലാണ് തൃക്കാക്കരയില്‍ മത്സരിക്കുന്നത്. പ്രചാരണത്തില്‍ രണ്ട് ഘട്ടം പൂര്‍ത്തിയാക്കി. ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ കാണുകയാണ് സെബാസ്റ്റ്യന്‍ പോള്‍. സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം. വികസന നേട്ടങ്ങള്‍ നിരത്തി യുഡിഎഫ് ഇതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ബെന്നി ബഹനാനെ പിന്‍വലിച്ച് പിടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ ചരിത്രമാകും.