ഉദ്ഘാടനം കഴിഞ്ഞ് 6 വര്‍ഷം കഴിഞ്ഞിട്ടും ഉദുമയിലെ സ്പിനിംഗ് മില്ല് പ്രവര്‍ത്തിക്കുന്നില്ല
|സ്പിന്നിംഗ് മില്ലിലെ നിയമനങ്ങള്‍ കോടതി കയറിയതോടെയാണ് പ്രവര്‍ത്തനം തുടങ്ങാനാകാത്ത സ്ഥിതി വന്നത്
ഉദ്ഘാടനം കഴിഞ്ഞ് 6 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ഉദുമയിലെ സ്പിനിംഗ് മില്ല് തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. സ്പിന്നിംഗ് മില്ലിലെ നിയമനങ്ങള്‍ കോടതി കയറിയതോടെയാണ് പ്രവര്‍ത്തനം തുടങ്ങാനാകാത്ത സ്ഥിതി വന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ മില്ല് തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നടപടി ഒന്നും നടന്നിട്ടില്ല. മാസങ്ങള്‍ കഴിഞ്ഞും ഇപ്പോഴും മില്ല് അടഞ്ഞ് തന്നെ കിടക്കുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാസര്‍കോട് ഉദുമ പഞ്ചായത്തിലെ മൈലാട്ടിയില്‍ 24 ഏക്കര്‍ സ്ഥലത്തായി സ്പിനിംഗ് മില്ല് ആരംഭിച്ചത്. 21 കോടി 80 ലക്ഷം രൂപയായിരുന്നു ചെലവ്. 16 കോടി രൂപ ചെലവില്‍ ജര്‍മ്മനിയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് യന്ത്രസാമഗ്രഹികള്‍ ഇറക്കുമതി ചെയ്തത്. ഒരു ദിവസം പോലും മില്ല് പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ കോടികള്‍ ചിലവഴിച്ച് സ്ഥാപിച്ച യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിച്ചു.
തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മില്ല് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് തടസമായത്. ഇത് പരിഹരിക്കാന്‍ വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായതുമില്ല. തുരുമ്പെടുത്ത യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ച് മില്ല് പ്രവര്‍ത്തിപ്പിക്കാന്‍ കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുതുതായി 10 കോടി രൂപ കൂടി അനുവദിച്ചു. എന്നാല്‍ മില്ലിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവിടെ ഉത്പാദിപ്പിക്കുന്ന നൂല് വിറ്റഴിക്കാനാവുമോ എന്ന ആശങ്കയും പുതുതായി ഉയര്‍ന്നിട്ടുണ്ട്.
പ്രത്യേക കമ്മറ്റിയാണ് ഉദുമ സ്പിനിംഗ് മില്ലില്ലേക്കുള്ള നിയമനം നടത്തി. 180 ജീവനക്കാരെയാണ് നിയമിച്ചത്. 180 പോസ്റ്റിന് ആയിരത്തിലേറെ പേര് അപേക്ഷിച്ചിരുന്നു. നിയമനത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ പരിഗണിച്ചില്ലെന്നാരോപിച്ച് നാട്ടുകാരായ ഉദ്യോഗാര്‍ഥികള്‍ ഹൈകോടതിയില്‍ പാരാതി നല്കി. കോടതി നിയമനത്തിന് സ്റ്റേ നല്കി. ഇതോടെയാണ് സ്പിനിംഗ് മില്ലിന്റെ പ്രവര്‍ത്തനം മുടങ്ങിയത്. 2011 ജനുവരി 28ന് ഉദുമ സ്പിനിംഗ് മില്ലിന്റെ ഉദ്ഘാടനവും നടന്നു. ഇതുവരെയായി മില്ല് പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ കോടികളുടെ യന്ത്രസാമഗ്രികളടക്കം നാശത്തിന്റെ വക്കിലാണ്. വൈദ്യുത ബില്ലടക്കാത്തതിന്റെ പേരില്‍ കെഎസ്ഇബി വൈദ്യുത ബന്ധവും വിഛേദിച്ചിട്ടുണ്ട്.