Kerala
കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടരുന്നുകോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടരുന്നു
Kerala

കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടരുന്നു

Sithara
|
11 May 2018 2:08 PM GMT

മാന്നാനം കെഇ കോളജിലെ 20 വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ജീവനക്കാര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. മാന്നാനം കെഇ കോളജിലെ 20 വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ജീവനക്കാര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലമാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മാന്നാനം കെഇ കോളജിലെ 20 കുട്ടികള്‍ക്കും 5 ജീവനക്കാര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇനിയും കൂടുതല്‍ പേരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പും പറയുന്നത്. മുന്‍കരുതലിന്റെ ഭാഗമായി നിലവില്‍ കോളേജ് ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

കെഇ കോളജിന് പുറമെ സമീപത്തുള്ള രണ്ട് സ്കൂളുകളിലും രണ്ട് ഹോസ്റ്റലുകളിലും ചില വീടുകളിലും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം സമീപത്തെ ജലസ്രോതസുകളില്‍ എത്തുന്നതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അഞ്ച് വര്‍ഷം മുന്‍പ് ഇതേ കാരണത്താല്‍ പ്രദേശത്ത് മഞ്ഞപ്പിത്തവും കോളറയും പടര്‍ന്ന് പിടിച്ചിരുന്നു. അന്ന് രണ്ട് ഡോക്ടര്‍മാര്‍ മരിക്കുകയും ചെയ്തു. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മഞ്ഞപ്പിത്തം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

Similar Posts