സ്ഥാനമാറ്റത്തിനെതിരെ സെന്‍കുമാര്‍ നല്കിയ ഹരജി പരിഗണിക്കുന്നത് 24ലേക്ക് മാറ്റി
|ചട്ടങ്ങള്‍ ലംഘിച്ചാണ് തന്റെ സ്ഥാനമാറ്റമെന്ന് ആരോപിച്ചാണ് സെന്‍കുമാര്‍ ഹരജി നല്‍കിയിരിക്കുന്നത്
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ഡിജിപി ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ സത്യവാങ്മൂലം നല്കാന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചു. ഉദ്യോഗസ്ഥ കാലാവധി സംബന്ധിച്ച് സര്‍വ്വീസ് ചട്ടങ്ങളിലെ 97 2 ഇ വകുപ്പ് റദ്ദാക്കണമെന്ന ടിപി സെന്‍കുമാറിന്റെ ആവശ്യത്തെകുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ സമയം ചോദിച്ചത്. ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
പൊലീസ് സര്‍വ്വീസ് ചടങ്ങളിലെ 97 2 ഇ പ്രകാരം പൊതുജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഈ ചട്ടം റദ്ദാക്കണമെന്നായിരുന്നു സെന്‍കുമാര്‍ മുഖ്യമായും ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ വാദിഭാഗം എതിര്‍ത്തതിനെ തുടര്‍ന്ന് കോടതി മൂന്ന് ആഴ്ച്ചത്തേക്ക് സമയം അനുവദിച്ചു.
ഹരജിയില്‍ തങ്ങള്‍ക്കെതിരെ വിമര്ശനങ്ങളില്ലാത്തതിനാല് സത്യവാങ്മൂലം സമര്‍പ്പിക്കുന്നില്ലെന്ന് കേന്ദ്രം ട്രൈബ്യൂണലിനെ അറിയിച്ചു. അതേസമയം കേസില്‍ മൂന്നാം എതിര് കക്ഷിയായ ഡിജിപി ബെഹ്റ സത്യവാങ്മൂലം സമര്‍പ്പിക്കാനായി ഒരാഴ്ച്ചത്തെ സമയവും ചോദിച്ചു.