സര്‍ക്കാര്‍ അഭിഭാഷകര്‍ കടന്നുപിടിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് വീട്ടമ്മ
|സര്‍ക്കാര്‍ അഭിഭാഷകന് ധനേഷ് മാത്യു മാഞ്ഞൂരാന് കടന്നു പിടിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വീട്ടമ്മ.
സര്‍ക്കാര്‍ അഭിഭാഷകന് ധനേഷ് മാത്യു മാഞ്ഞൂരാന് കടന്നു പിടിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വീട്ടമ്മ. നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ട്. ധനേഷ് മാഞ്ഞൂരാന് തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് കൊണ്ടാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതെന്നും വീട്ടമ്മ പറഞ്ഞു.
എറണാകുളം കോണ്‍വെന്റ് ജംഗ്ഷനില്‍ വെച്ച് സന്ധ്യാ സമയത്ത് തന്നെ ഒരാള്‍ കടന്ന് പിടിച്ചു. ഒച്ച വെച്ചപ്പോള്‍ നാട്ടുകാരാണ് അയാളെ പിടികൂടിയത്. അയാള്‍ ധനേഷ് മാത്യു മാഞ്ഞൂരാനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ജാമ്യം കിട്ടാന്‍ സഹായിക്കണമെന്ന് മാഞ്ഞൂരാന്റെ മാതാപിതാക്കളും ഭാര്യയും വന്ന് അപേക്ഷിച്ചതിനാല്‍ താന്‍ വലിയ വിവാദങ്ങള്‍ക്ക് നിന്നില്ല.
കേസുമായി മുന്നോട്ട് പോകുകയാണെന്നറിഞ്ഞപ്പോള്‍ പല തരം ഭീഷണിയും സ്വാധീന ശ്രമങ്ങളും മാഞ്ഞൂരാന്റെ ഭാഗത്ത് നിന്നുണ്ടായി. ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ അയാള്‍ക്ക് കൂട്ട് നില്‍ക്കുകയാണ്. നീതി പീഠത്തില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവതി പറഞ്ഞു. യുവതിയെ കടന്ന് പിടിച്ചെന്ന വാര്‍ത്ത നല്‍കിയതാണ് ഹൈക്കോടതിയില്‍ ഒരുവിഭാഗം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.