ആറന്മുള ജലോല്‍സവത്തിന് സമാപനം
|എ ബാച്ചില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടവും ബി ബാച്ചില്‍ തയ്മറവുംകര പള്ളിയോടവും ജേതാക്കളായി
ഓളപ്പരപ്പിലെ പൂരമായ ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് ആവേശകരമായ കൊടിയിറക്കം. എ ബാച്ചില്‍ മല്ലപ്പുഴശ്ശേരിയും ബി ബാച്ചില്‍ തൈമറവുംകര പള്ളിയോടവും മന്നം ട്രോഫി സ്വന്തമാക്കി. മികച്ച ചമയത്തിനുള്ള ആര്‍ ശങ്കര്‍ സ്മാരക സുവര്‍ണ ട്രോഫി ആറാട്ടുപുഴപള്ളിയോടവും നേടി.
പമ്പയാറിലെ ആറന്മുള ക്ഷേത്രക്കടവിന് സമീപത്ത് ഒരുക്കിയ ട്രാക്കില്‍ ജലരാജാക്കന്മാരായ 50 പള്ളിയോടങ്ങള്‍ ഒരേ താളത്തില്‍ തുഴയെറിഞ്ഞെത്തിയപ്പോള്‍ എ ബാച്ചിലെ കിരീടം മല്ലപ്പുഴശ്ശേരി പള്ളിയോടം സ്വന്തമാക്കി.
പരമ്പരാഗത തനിമ കൈവിടാതെ വഞ്ചിപ്പാട്ട് പാടി തുഴഞ്ഞെത്തിയ എ ബാച്ച് പള്ളിയോടങ്ങളില്‍ മേലുകരയും മരാമണും മല്ലപ്പുഴശ്ശേരിയുമാണ് ഫൈനലിന് യോഗ്യത നേടിയത്. മറ്റ് പള്ളിയോടങ്ങളെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് മല്ലപ്പുഴശ്ശേരി ഇത്തവണ മന്നം ട്രോഫിനയില്‍ മുത്തമിട്ടത്.
ബി ബാച്ചില്‍ തൈമറവുംകര, വന്മഴി, മംഗലം എന്നീ പള്ളിയോടങ്ങള്‍ തമ്മിലായിരുന്നു ഫൈനല്‍ പോരാട്ടം. ഫോട്ടോഫിനീഷെന്ന് തോന്നിപ്പിച്ച ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബി ബാച്ചില്‍ തൈമറവുംകര വിജയതീരമണഞ്ഞത്. നന്നായി പാടിത്തുഴഞ്ഞെത്തിയവര്‍ക്കുള്ള പുരസ്‌കാരം ആറാട്ടുപുഴയ്ക്കും നെടുംമ്പ്രയാറിനും ലഭിച്ചു. ഫിനീഷിങ് പോയന്റില്‍ മംഗലം പള്ളിയോടം മറിഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അപകടമൊഴിവാക്കി.