കലാഭവന്‍ മണി അന്തരിച്ചു
|പ്രശസ്ത ചലച്ചിത്ര നടന് കലാഭവന്‍ മണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
പ്രശസ്ത ചലച്ചിത്ര നടന് കലാഭവന്‍ മണി(45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു ദിവസം മുമ്പ് കരള്‍രോഗത്തെ തുടര്‍ന്ന് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴിലും സജീവമായിരുന്നു അദ്ദേഹം, തെലുങ്കിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാടന്‍പാട്ടുകളുടെ സ്വന്തം കലാകാരനായിരുന്നു മണി. ഗായകനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1971 ജനുവരി ഒന്നിന് ചാലക്കുടിയിലാണ് മണിയുടെ ജനനം. ചാലക്കുടി ഹൈസ്ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മണി വിജയകാന്ത് ചിത്രമായ ക്യാപ്ടന് പ്രാഭാകറില് മുഖം കാണിച്ചു. ജെഎസ് വിജയന് സംവിധാനം ചെയ്ത ദൂരദര്ശന് പരമ്പരയായ പര്ണ്ണശാലയിലൂടെ അഭിനയക്കളരിയിലേക്ക്. കൊച്ചിന് കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. ജോണ്‍ പോളിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മണിയെ തേടിയെത്തി. കോമഡി, വില്ലന്‍, സഹനടന്‍, സ്വഭാവ നടന് എന്നിങ്ങനെ മണിക്കായി കഥാപാത്രങ്ങള്‍ അണിയറിയില്‍ ഒരുങ്ങിക്കൊണ്ടേയിരുന്നു.
സല്ലാപത്തിലെ രാജപ്പന് എന്ന കഥാപാത്രത്തിലൂടെ മണി എന്ന അഭിനേതാവ് മലയാളത്തില്‍ കളമുറപ്പിക്കുകയായിരുന്നു. ചെത്തുകാരന് രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ മണിയെ തേടിയെത്തി. നിമ്മിയാണ് ഭാര്യ. ഒരു മകള്‍.