Kerala
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ഇനി താഴെ തട്ടില്‍ സര്‍വകക്ഷി സംഘങ്ങള്‍കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ഇനി താഴെ തട്ടില്‍ സര്‍വകക്ഷി സംഘങ്ങള്‍
Kerala

കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ ഇനി താഴെ തട്ടില്‍ സര്‍വകക്ഷി സംഘങ്ങള്‍

Khasida
|
12 May 2018 2:17 PM GMT

എല്ലാ മാസവും സര്‍വകക്ഷി യോഗം ചേരാനും അക്രമമുണ്ടാകുന്ന പ്രദേശങ്ങളില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്താനും യോഗം തീരുമാനിച്ചു.

താഴെ തട്ടില്‍ സര്‍വ്വകക്ഷി സംഘങ്ങള്‍ രൂപീകരിച്ച് ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ തീരുമാനം. എല്ലാ മാസവും സര്‍വകക്ഷി യോഗം ചേരാനും അക്രമമുണ്ടാകുന്ന പ്രദേശങ്ങളില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്താനും യോഗം തീരുമാനിച്ചു. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ ബിജെപി വിമര്‍ശിച്ചു.

ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു കലക്ടര്‍ സര്‍വകക്ഷി സമാധാന യോഗം വിളിച്ചു ചേര്‍ത്തത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കാത്തതില്‍ പ്രതിഷേധിച്ച് സമാധാന യോഗത്തില്‍ നിന്ന് വിട്ടുനില്ക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതാക്കള്‍ സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് യോഗത്തിനെത്തിയത്.

അക്രമങ്ങള്‍ പടരാതിരിക്കാന്‍ താഴെ തട്ടില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ജില്ലാതല സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കും. ജില്ലയില്‍ ഇനി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായാല്‍ കൊല്ലപ്പെടുന്നവരുടെ വീടുകളില്‍ സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തും.

സമാധാന യോഗത്തില്‍ നിന്ന് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും വിട്ടുനിന്നതിനെ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. ജില്ലാ പോലീസ് മേധാവി, അസി.കലക്ടര്‍, എ.ഡി.എം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരും സമാധാന യോഗത്തില്‍ പങ്കെടുത്തു

Related Tags :
Similar Posts