ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് എഴുത്തുകാരനെ കസ്റ്റഡിയിലെടുത്തു
|എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ കമല്‍സി ചവറയെ പോലീസ് കസ്റ്റഡിയിലെടുത്തു
എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ കമല്‍സി ചവറയെ പോലീസ് കസ്റ്റഡിയിലെടുത്തു. നോവലിലും ഫേസ്ബുക്കിലും ദേശീയഗാനത്തെ അപമാനിച്ചു എന്നാണ് ആരോപണം. ഇയാള്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.
ഇന്ന് രാവിലെ കമലിനെ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഇ പി പൃഥ്വിരാജിന്റെ നേതൃത്തിലുളള സംഘമാണ് കസ്റ്റഡിയിലെടുത്തത്. കുന്ദംഗലത്തെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത കമല്‍ ഇപ്പോള്‍ നടക്കാവിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലാണ്. കരുനാഗപള്ളി പോലീസ് എത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
കമല്‍സി ചവറയുടെ ശ്മശാനങ്ങളുടെ നോട്ട് പുസ്തകം എന്ന നോവലില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്ന ഭാഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് കേസ്. 124 എ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്‍. ഫേസ് ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നാണ് കരുനാഗപ്പള്ളി പോലീസിന്‍റെ നിലപാട്. കൊല്ലത്തെ കമലിന്റെ കുടുംബ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് നോവല്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു.
മൂന്ന് വര്‍ഷമായി കോഴിക്കോട് കുന്ദമംഗലത്താണ് കമല്‍ താമസിക്കുന്നത്. ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ നോവല്‍ ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിലാണ് പ്രകാശനം ചെയ്തത്.