കരുനാഗപ്പള്ളിയില്‍ ഇത്തവണ പോരാട്ടം കടുക്കും
|സിപിഐയുടെ തട്ടകമാണ് കരുനാഗപ്പള്ളി
സിപിഐയുടെ തട്ടകമായി അറിയപ്പെടുന്ന കരുനാഗപ്പള്ളിയില്‍ ഇത്തവണ പോരാട്ടം കടുക്കും. കാല്‍ നൂറ്റാണ്ടിന് ശേഷം മണ്ഡലം ഏറ്റെടുത്ത കോണ്‍ഗ്രസ് നേരിട്ട് സിപിഐയെ നേരിടുന്നത് മത്സര ഫലത്തെ പ്രവചനാതീതമാക്കുന്നു. മുതിര്‍ന്ന നേതാവ് സി.ദിവാകരനെ മാറ്റിയാണ് സിപിഐ മണ്ഡലം നിലനിര്‍ത്താന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസിന് വേണ്ടി യുവനേതാവ് സി.ആര്‍ മഹേഷായിരിക്കും സ്ഥാനാര്‍ഥി.
1977 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എട്ട് തവണയും കരുനാഗപ്പള്ളിയുടെ വിധി സിപിഐക്ക് അനുകൂലമായിരുന്നു. പരാജയം രണ്ട് തെരഞ്ഞെടുപ്പില്‍ മാത്രം. 1982ല്‍ എസ്ആര്‍പിയോടും 2001ല്‍ ജെഎസ്എസിനോടും. 25 വര്‍ഷത്തിന് ശേഷം ഇത്തവണ കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുത്തതോടെ മറ്റൊരു അട്ടിമറി നടക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിനാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇവിടെ മുഖ്യ പരിഗണന.
മുതിര്‍ന്ന നേതാവ് സി ദിവാകരനെ മാറ്റി ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രനെയാണ് സിപിഐ മത്സര രംഗത്തിറക്കുന്നത്. കന്നി അംഗത്തിനിറങ്ങുന്ന രാമചന്ദ്രന്‍ പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്തിയിട്ടുണ്ട്. ഈഴവ വോട്ടുകളുടെ ഏകീകരണമാണ് മണ്ഡലത്തില്‍ ബിജെപി മുന്നണിയുടെ ലക്ഷ്യം. എസ്‌എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.സദാശിവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.