ശരത് യാദവിനൊപ്പമില്ലെന്ന് സൂചന നല്‍കി വീരേന്ദ്രകുമാര്‍
|സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശരത് യാദവിനൊപ്പം നിലയുറപ്പിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശരത് യാദവിനൊപ്പം ഇല്ലെന്ന സൂചന നല്‍കി വിരേന്ദ്ര കുമാര്‍. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിനാണ് ഇനി മുന്ഗണനയെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ്‌കുമാര്‍ എന്‍ഡിഎയിലേക്ക് ചേക്കേറിയതിനു ശേഷം ജെഡിയു സംസ്ഥാന ഘടകം എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നു കോഴിക്കോട് നേതൃയോഗം ചേര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ എം പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശരത് യാദവിനൊപ്പം നിലയുറപ്പിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. എന്നാല്‍ പഴയ എസ്‌ജെഡി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം വീരേന്ദ്രകുമാര്‍ പക്ഷം മുന്നോട്ട് വെച്ചു.
വിഷയത്തില്‍ അഭിപ്രായ സമന്വയം രൂപീകരിക്കുന്നതിനായി അഞ്ചംഗ സമിതിയെയും പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ അടുത്ത സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. സംസ്ഥാന നേതൃയോഗത്തിനു ശേഷം ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലും ഈ വിഷയം ചര്‍ച്ചയായി.