ഉള്‍നാടന്‍ ജലഗാതാഗതം പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനം പാഴാകുന്നു
|കുറഞ്ഞ നിരക്കില്‍ ഗതാഗത തടസമില്ലാതെ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ജലഗതാഗത സംവിധാനം പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ ജലഗതാഗത സംവിധാനം പുനരുജ്ജീവിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ജലരേഖയായി. ഉള്‍നാടന്‍ ജലഗതാഗതവും സര്‍ക്ക്യൂട്ട് ടൂറിസവുമെല്ലാം പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്. ഐഎഎസ് റാങ്കിലുള്ളവരെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കാത്തത് പദ്ധതി ആവിഷ്‌കാരത്തിന് തിരിച്ചടിയാകുന്നതായും ആക്ഷേപവും ഉയരുന്നുണ്ട്.
കുറഞ്ഞ നിരക്കില്‍ ഗതാഗത തടസമില്ലാതെ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ജലഗതാഗത സംവിധാനം പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി നിരവധി പദ്ധതികളും വിഭാവനം ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളിലെ ബോട്ട് സര്‍വ്വീസുകള്‍, സ്പീഡ് ബോട്ടുകള്‍, സര്‍ക്ക്യൂട്ട് ടൂറിസം തുടങ്ങിയവയായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ നാളിതുവരെയായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ടൂറിസം മേഖലയ്ക്ക് പ്രാധാന്യമുള്ള കോട്ടയം കുമരകം ആലപ്പുഴ റൂട്ടില്‍ പോലും ജലഗതാഗതം ഇപ്പോള്‍ മുടങ്ങി കിടക്കുകയാണ്.
ഡയറക്ടര്‍ സ്ഥാനത്ത് ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും പദ്ധതി നടപ്പാക്കുന്നതിന് തിരിച്ചടിയാകുന്നുണ്ടെന്നാണ് ആരോപണം. നിലവില്‍ കാലപ്പഴക്കം ചെന്ന ബോട്ടുകളാണ് മിക്ക സ്ഥലങ്ങളിലും സര്‍വ്വീസ് നടത്തുന്നത്. ഈ ബോട്ടുകള്‍ മാറ്റി പുതിയ ബോട്ടുകള്‍ ഇടാന്‍പോലും വകുപ്പിന് സാധിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.