ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബോബനും മോളിയും
|രാഷ്ട്രീയ സാമൂഹ്യ അനീതികള്‍ക്ക് എതിരെ ഹാസ്യത്തിന്റെ മേമ്പൊടിയുമായി ടോംസ് ഒരുക്കിയ ബോബനും മോളിയും പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിച്ചു.
വായനക്കാരെ എപ്പോഴും ചിരിപ്പിച്ച കുസൃതികുട്ടികളാണ് ടോംസിന്റെ ബോബനും മോളിയും. ബോബനും മോളിയും പിറന്നിട്ട് അര നൂറ്റാണ്ടിലേറെയായെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും പ്രായമേറിയില്ല. രാഷ്ട്രീയ സാമൂഹ്യ അനീതികള്‍ക്ക് എതിരെ ഹാസ്യത്തിന്റെ മേമ്പൊടിയുമായി ടോംസ് ഒരുക്കിയ ബോബനും മോളിയും പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിച്ചു.
ബോബനും മോളിയും എന്ന കഥാപാത്രത്തിലൂടെ സ്ത്രീപുരുഷ സമത്വം 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ന്നു നല്‍കിയ വിപ്ലവകാരിയാണ് ടോംസ്. ബോബനും മോളിക്കും തുല്യപ്രാധാന്യം നല്‍കിയാണ് ടോംസ് കാര്‍ട്ടൂണ്‍ വരച്ചത്. തന്റെ വീടിന്റെ വേലിചാടി എന്നും സ്കൂളില്‍ പോകുന്ന അയല്‍പക്കത്തെ കുട്ടികളെ മാതൃകയാക്കിയായിരുന്നു ബോബന്റെയും മോളിയുടെയും ജനനം. കുട്ടികളുടെ പേര് തന്നെ കാര്‍ട്ടൂണിനും നല്‍കി.
കീഴുക്കാംതൂക്ക് എന്ന സാങ്കല്‍പ്പിക പഞ്ചായത്തിലെ കഥാപാത്രങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണാന്‍, ഭാര്യ മജിസ്ട്രേറ്റ് മറിയ, പൂവാലന്‍ അപ്പിഹിപ്പി, ആശാന്‍, ഉണ്ണിക്കുട്ടന്‍, മൊട്ട തുടങ്ങിയവരും മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. 1950ല്‍ സത്യദീപം മാസികയിലാണ് ബോബനും മോളിയേയും മലയാളി ആദ്യം പരിചയപ്പെടുന്നത്. പിന്നീട് മലയാള മനോരമ ആഴ്ചപ്പതിപ്പിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. 1987ല്‍ മനോരമയില്‍ നിന്നും രാജി വെച്ച് കാര്‍ട്ടൂണ്‍ മറ്റൊരു സ്ഥാപനത്തിന് വരയ്ക്കാന്‍ ശ്രമിച്ചത് നിയമയുദ്ധത്തിലെത്തിച്ചു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബോബനും മോളിയും വരയ്ക്കാനുള്ള പൂര്‍ണാവകാശം ടോംസ് നേടിയെടുത്തു.
ടോംസ് കോമിക്സാണ് ഇപ്പോള്‍ ബോബനും മോളിയും പ്രസിദ്ധീകരിക്കുന്നത്. 1971ല്‍ ശശികുമാര്‍ ബോബനും മോളിയും സിനിമായാക്കിയെങ്കിലും വിജയിച്ചില്ല. 2006ല്‍ ക്യാറ്റ് ലോജിസ്റ്റിക് എന്ന സ്ഥാപനം ബോബനും മോളിയും ആനിമേഷന്‍ ചലച്ചിത്രമാക്കി. 200 കഥകള്‍ ആനിമേഷനാക്കി.