ജിഷ്ണു പ്രണോയി സ്മാരകം പൊളിക്കണമെന്ന് സബ്കലക്ടര്‍
|സിപിഐയുടെ പരാതിയില്‍ പാമ്പാടി നെഹ്റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്
സിപിഐയുടെ പരാതിയില്‍ പാമ്പാടി നെഹ്റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്. ഉത്തരവ് പ്രകാരം സ്മാരകം പൊളിച്ചു നീക്കണമെന്ന് പൊലീസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
പാമ്പാടി നെഹ്രു കോളജിന് സമീപം ജിഷ്ണു പ്രണോയിയുടെ സ്മാരകം സ്ഥാപിച്ചത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. കോളജിന്റെ പിറകിലെ കവാടത്തിനടുത്ത് എഐടിയുസി ഓഫീസിനോട് ചേര്‍ന്ന് റോഡരികിലാണ് സ്മാരകം. സിപിഐ വിട്ട് ചിലര്‍ സിപിഎമ്മില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എഐടിയുസി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ നല്കിയ പരാതിയിലാണ് തൃശൂര്‍ സബ്കലക്ടര്‍ രേണു രാജിന്റെ ഉത്തരവ്.
സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ പഴയന്നൂര്‍ എസ്ഐയോട് ആവശ്യപ്പെട്ടു. ഉത്തരവ് പ്രകാരം സ്മാരകം പൊളിച്ചു നീക്കാന്‍ എസ്എഫ്ഐ ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് കൂട്ടാക്കിയില്ല. പൊളിച്ചു നീക്കിയില്ലെങ്കില്‍ പൊലീസ് പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.