ശ്രീജിത്തിന്റെ സമരം അവസാനിപ്പിക്കാന്‍ സിപിഎം ഇടപെടുന്നു
|സര്‍ക്കാറിന് ഒരു തരത്തിലുള്ള പിടിവാശിയും ഇല്ലെന്നും ശ്രീജിത്തുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും
സെക്രട്ടേറിയേറ്റിന് മുന്പില് ശ്രീജിത്ത് നടത്തുന്ന സമരം 766ആം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്ന പരിഹാരത്തിന് സിപിഎം ഇടപെടുന്നു.സംസ്ഥാന സമിതി അംഗം വി ശിവന്‍കുട്ടി ശ്രീജിത്തിനെയും ബന്ധുക്കളേയും കണ്ട് സംസാരിച്ചു. ചര്‍ച്ചക്ക് തയ്യാറാണന്ന നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസും എടുത്തിട്ടുണ്ട്.ശ്രീജിത്തിന്റെ അമ്മയുടെ നേത്യത്വത്തില്‍ ഗവര്‍ണ്ണറെ കണ്ട് സമരം അവസാനിപ്പിക്കാന്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു.
രാവിലെ മുതല്‍ തന്നെ സെക്രട്ടേറിയേറ്റിന് മുന്പിലെ സമര സ്ഥലം സജീവമായിരുന്നു.സോഷ്യല്‍ മീഡിയാ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ ശ്രീജിത്തിന്റെ സമീപത്തിരുന്ന് റിലേ നിരാഹാരം തുടങ്ങി.10 മണിയോടെ വിഎം സുധീരനും തൊട്ട് പിന്നാലെ വി ശിവന്‍കുട്ടിയും വിഎസ് ശിവകുമാറും എത്തി.സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശിവന്‍കുട്ടി നടത്തിയത്. ശിവന്‍കുട്ടി ബന്ധപ്പെട്ടതനുസരിച്ച് ചര്‍ച്ചക്ക് തയ്യാറാണന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.എന്നാല്‍ ഇപ്പോള്‍ ചര്ച്ചക്കില്ലന്ന നിലപാടാണ് ശ്രീജിത്തിനൊപ്പമുള്ളവര്‍ എടുത്തത്.
ഇതിനിടയില്‍ പാണക്കാട് മുനവ്വറലി തങ്ങളും ശ്രീജിത്തിനെ കണ്ട് പിന്തുണ അറിയിച്ചു.ശ്രീജിത്തിന്റെ അമ്മയുടെ നേത്യത്വത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവത്തെ കണ്ട് ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു.ശ്രീജിവിന്റെ മരണത്തില്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ നടപടിക്കെതിരെ വാങ്ങിയെ സ്റ്റേ ഓര്‍ഡര്‍ റദ്ദ് ചെയ്യാന്‍ ശ്രീജിത്തിനൊപ്പമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.